35 സംസ്ഥാനങ്ങളെന്ന് മന്ത്രി, 29 അല്ലേയെന്ന് യുവമോർച്ച ! ഇനി ഇവരെ ആര് പഠിപ്പിക്കുമെന്ന് സമൂഹമാധ്യമങ്ങള്‍

Jaihind Webdesk
Saturday, October 9, 2021

 

തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ചുപറഞ്ഞ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരേ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി പരിഹാസ്യരായി യുവമോര്‍ച്ച. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിച്ച  മന്ത്രിയെ തിരുത്താനെത്തിയ യുവമോർച്ചയ്ക്കും അറിയില്ലായിരുന്നു എത്ര സംസ്ഥാനമുണ്ട് എന്ന കാര്യം. ഇതോടെ മന്ത്രിയെ പഠിപ്പിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്ത സമരം മറ്റൊരു തമാശയായി മാറി.

28 ന് പകരം 35 സംസ്ഥാനങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. നിരവധി ട്രോളുകളും ഇതിന് പിന്നാലെ സജീവമായി. എന്നാല്‍ ഇതൊരു നാക്കുപിഴയാണെന്ന് പറഞ്ഞ് മന്ത്രി രംഗത്തുനിന്ന് പിന്‍വാങ്ങി. ഇതിന് പിന്നാലെ പഠിപ്പിക്കാനായി എത്തിയ യുവമോർച്ച മന്ത്രിയെ തിരുത്തിയത് 29 സംസ്ഥാനങ്ങളെന്നായിരുന്നു. കൊണ്ടുവന്ന  ഇന്ത്യയുടെ പഴയ ഭൂപടം നോക്കിയായിരുന്നു യുവമോർച്ചയുടെ പഠിപ്പിക്കല്‍. ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ്പണി പറ്റിച്ചത്. ജമ്മു-കശ്മീരിനെ സംസ്ഥാനമായി എണ്ണിയ യുവമോർച്ച നേതാവ് രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രിയെ പഠിപ്പിച്ചു.

ഇതോടെ മന്ത്രിയെ ആക്രമിക്കാനെത്തിയ യുവമോര്‍ച്ച സ്വയം പണിവാങ്ങിയ അവസ്ഥയായി. എന്തായാലും യുവമോർച്ച സമരത്തോടെ മന്ത്രി ശിവന്‍കുട്ടിക്കെതിരായ ആക്രമണം തെല്ല് കുറഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രിയെ പഠിപ്പിക്കാനെത്തിയ യുവമോർച്ചയെ ഇനി ആര് പഠിപ്പിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.