“മനസും ശരീരവും സമ്പാദ്യവും ഇന്ത്യയില്‍” : ഗള്‍ഫുകാരുടെ മാതൃരാജ്യ സ്‌നേഹത്തില്‍ യൂസഫലിയുടെ പ്രവാസി ഭാരതീയ ദിവസ് പ്രസംഗം ; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍ | VIDEO

Jaihind News Bureau
Saturday, January 9, 2021

ദുബായ് : മറ്റു വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ നിന്നും വ്യത്യസ്തമായി, ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിന്, ഇന്ത്യ എന്ന മാതൃരാജ്യത്തോടുള്ള സ്‌നേഹവും കടപ്പാടും വ്യക്തമാക്കി പ്രമുഖ വ്യവസായി എം എ യൂസഫലി നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കേന്ദ്ര സര്‍ക്കാര്‍ വീഡിയോ വഴി  സംഘടിപ്പിച്ച പതിനാറാമത് പ്രവാസി ഭാരതീയ ദിവസിലാണ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ യൂസഫലി വ്യത്യസ്തമായ ഈ പ്രസംഗം നടത്തി കൈയ്യടി നേടിയത്.

എം.എ യൂസഫലിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗം ഇങ്ങിനെ:- കൊവിഡിന് മുമ്പ് ആഫ്രിക്കന്‍ രാജ്യത്ത് താന്‍ നടത്തിയ സന്ദര്‍ശനത്തെ ആസ്പദമാക്കിയാണ്, അദേഹം പ്രസംഗം നടത്തിയത്. ഇപ്രകാരം, ആഫ്രിക്കയില്‍ പോയപ്പോള്‍ തന്‍റെ ഒരു സുഹൃത്ത് കൂടിയായ ഈ വ്യവസായി പറഞ്ഞത് ഇങ്ങിനെയാണ്. തന്‍റെ ശരീരം ആഫ്രിക്കയിലും, സമ്പാദ്യം ലണ്ടനിലും മനസ് ഇന്ത്യയിലുമാണെന്നാണ് ഈ വ്യവസായി തന്നോട് പറഞ്ഞത്. എന്നാല്‍, ഗള്‍ഫിലെ ഒരോ പ്രവാസി ഇന്ത്യക്കാരുടെയും  സമ്പാദ്യവും മനസും ശരീരവും , മൂന്നും ഒരേ സമയം ഇന്ത്യയിലാണെന്ന് , താന്‍ അദേഹത്തിന് മറുപടിയായി പറഞ്ഞ അനുഭവം സ്മരിച്ചാണ്, യൂസഫലി പ്രസംഗം അവസാനിപ്പിച്ചത്. ആയിരങ്ങള്‍ തത്സമയം വീക്ഷിച്ച ഈ പ്രസംഗം , സമൂഹ മാധ്യങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറുകയായിരുന്നു.

മാതൃരാജ്യത്തെ ഇന്നും നെഞ്ചോട് ചേര്‍ത്ത്, ജീവിക്കുന്ന സാധാരണക്കാര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഈ വാക്കുകള്‍ വലിയ ആവേശം കൂടിയായി മാറി. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് പ്രവാസിയായി മടങ്ങിയെത്തിയ ദിനമായ ജനുവരി ഒമ്പത് ആണ് എല്ലാവര്‍ഷം പ്രവാസി ഭാരതീയ ദിവസായി (പിബിഡി) ആചരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് പ്രവാസികള്‍ക്കായുളള, പിബിഡി സമ്മേളനത്തിന് ആദ്യം തുടക്കം കുറിച്ചത്.