ഇന്ത്യയുടെ മാനവവിഭവ ശേഷി ലോകത്തിന് മുന്നില്‍ സജ്ജമാക്കാന്‍ ഇനി യൂസഫലിയും ; എം.എ. യൂസഫലിയെ ഐ.സി.എം ഗവേണിംഗ് കൗണ്‍സില്‍ അംഗമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Jaihind News Bureau
Monday, January 18, 2021

പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്ന ഇന്ത്യ സെന്‍റര്‍ ഫോര്‍ മൈഗ്രേഷന്‍ ( ഐ സി എം ) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതി അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയെ നിയമിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ  മന്ത്രാലയത്തില്‍ നിന്നും യൂസഫലിക്ക് ലഭിച്ചു.

വിദേശത്ത് തൊഴില്‍ അന്വേഷകരായി പോകുന്ന പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ  സഹായിക്കുന്ന സമിതിയാണ് ഐ.സി.എം.  തൊഴില്‍ മേഖലയിലെ ഇന്ത്യയുടെ മാനവവിഭവ ശേഷി രാജ്യാന്തര നിലവാരത്തില്‍ സജ്ജമാക്കുക, വിദേശ രാജ്യങ്ങളിലെ  തൊഴില്‍  പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴില്‍ സമൂഹം ഏറെ ഉള്ള രാജ്യമായി ഇന്ത്യയെ ഉയര്‍ത്തി കാട്ടുക, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴില്‍ സമൂഹത്തിനാവശ്യമായ ക്ഷേമപദ്ധതികള്‍ തയാറാക്കുക തുടങ്ങിയവയാണ് ഐ.സി.എമ്മിന്‍റെ ചുമതലകള്‍.

വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര സാമ്പത്തിക മന്ത്രാലയം സെക്രട്ടറി, തൊഴില്‍ മന്ത്രാലയം സെക്രട്ടറി, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്.