‘അധികാരം ഉപയോഗിച്ച് സത്യത്തെ മറച്ചുപിടിക്കാനാവില്ല’; ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കോണ്‍ഗ്രസ്

 

തിരുവനന്തപുരം: മോദി സർക്കാർ ഇന്ത്യയില്‍ വിലക്ക് ഏർപ്പെടുത്തിയ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. ചരിത്ര യാഥാർത്ഥ്യങ്ങള്‍ സംഘ്പരിവാറിനും മോദിക്കും എന്നും ശത്രുപക്ഷത്താണെന്നും അധികാരം ഉപയോഗിച്ച് സത്യത്തെ മറച്ചുപിടിക്കാന്‍ കഴിയില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും പറഞ്ഞു.

‘ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്‍റെയും മാപ്പ് എഴുതിയതിന്‍റെയും വംശഹത്യ നടത്തിയതിന്‍റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബിബിസി ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കും’ –  ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഡോക്യുമെന്‍ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്‍റ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാരിയത്ത്. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. ഗുജറാത്ത് വംശഹത്യയിൽ മോദി – അമിത്ഷാ കൂട്ടുകെട്ടിന്‍റെ പങ്കാളിത്തം പുറത്തുവരാതിരിക്കാനാണ് ഡോക്യുമെന്‍ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാരിയത്ത് പറഞ്ഞു. ക്യാമ്പസുകളില്‍ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യുവും വ്യക്തമാക്കി. കെഎസ്‌യുവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുടെ ആദ്യഭാഗത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത് എത്തുകയും ഡോക്യുമെന്‍ററി ഇന്ത്യയിൽ വിലക്കുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്‍റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് ഇടതുസംഘടനകളും അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment