ജയരാജൻ ഇനി കോടതിയെയും ബഹിഷ്കരിക്കുമോ?; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് യൂത്ത് കോൺഗ്രസ്

കണ്ണൂർ: വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്കുമെതിരെ കേസെടുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേസെടുക്കില്ലെന്ന നിലപാടെടുത്ത മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ്.

നാട്ടിൽ നിയമവാഴ്ച ഉറപ്പാക്കേണ്ട ഭരണസംവിധാനം തന്നെ നീതി നിഷേധിക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. കോടതിയിലൂടെ മാത്രമേ നീതി നടപ്പാകൂവെന്ന് വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ആക്രമിച്ചിട്ടില്ല എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ജയരാജൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിട്ടാണ് സമരം ചെയ്തത് എന്ന് പറഞ്ഞ ജയരാജൻ ജീവിതത്തിൽ ഒരിക്കെങ്കിലും സത്യം തുറന്നു പറയാൻ തയാറാകണം.

തനിക്കെതിരെ നടപടിയെടുത്ത ഇൻഡിഗോ കമ്പനിയെ ബഹിഷ്കരിച്ച ജയരാജൻ കേസെടുക്കാൻ പറഞ്ഞ കോടതിയെയും ഇനി ബഹിഷ്കരിക്കുമോ എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ് പ്രസ്താവനയിൽ ചോദിച്ചു.

Comments (0)
Add Comment