മുകേഷിനെ ജനം ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞു; എംഎല്‍എ സ്ഥാനം രാജി വെച്ച് ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, June 6, 2024

 

കൊല്ലം: പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ ദയനീയമായി പിന്നിൽ പോയ എം. മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മുകേഷ് പ്രതിനിധാനം ചെയ്യുന്ന കൊല്ലം നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ എംഎൽഎയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയത്. എൻ.കെ. പ്രേമചന്ദ്രനോട് ദയനീയമായി പരാജയപ്പെട്ട മുകേഷ് പ്രതിനിധാനം ചെയ്യുന്ന കൊല്ലം നിയമസഭാ മണ്ഡലത്തിൽ 23,792 വോട്ടിന് പിന്നിൽ പോയിരുന്നു. കൊല്ലം നിയോജക മണ്ഡലത്തിൽ ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണയും ആവശ്യപ്പെട്ടു.