മുഖ്യമന്ത്രിയുടെ രാജിക്കായി പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഷാഫി പറമ്പില്‍ എംഎല്‍എയെ റോഡിലൂടെ വലിച്ചിഴച്ചു; ജലപീരങ്കി, കണ്ണീർവാതകം

Jaihind Webdesk
Monday, June 13, 2022

പാലക്കാട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ നിരവധി തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ഉയർത്തിയത് കടുത്ത പ്രതിഷേധം. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് നടത്തിയ പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ അണിനിരന്നു. കോട്ട മൈതാനിയിൽ നിന്നും തുടങ്ങിയ മാർച്ച് കളക്ടറേറ്റിന് സമീപം പോലീസ് തടഞ്ഞു. ബാരിക്കേഡിന് മുന്നിൽ കൂടിനിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങിയതോടെ ജലപീരങ്കി പ്രയോഗമായി.

 

പതറാതെ നിന്ന പ്രവർത്തകർക്ക് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ വലിച്ചെറിഞ്ഞു. എന്നിട്ടും പിരിഞ്ഞു പോകാത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റാനായി ശ്രമം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ, വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി തുടങ്ങിയവർക്ക് പോലീസ് നടപടിയിൽ പരിക്കേറ്റിട്ടുണ്ട്.