കൊവിഡ് നിയന്ത്രണങ്ങൾക്കിടെ വിവിധ ജില്ലകളിൽ ഇന്നും ഷാപ്പ് ലേലം; യൂത്ത് കോൺഗ്രസ് പ്രതിഷേധം,സംഘർഷം

Jaihind News Bureau
Friday, March 20, 2020

തിരുവനന്തപുരം: കൊവിഡ് ജാഗ്രത തുടരുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ഷാപ്പ് ലേലം. ലേലം തുടരുന്ന സ്ഥലങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. കൊല്ലം, കോട്ടയം തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇന്നും ലേലം തുടർന്നത്. ഇവിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കൊല്ലം ചിന്നക്കട എക്‌സൈസ് ഓഫീസിൽ നടന്ന ലേലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുസംഘങ്ങളായെത്തി പ്രതിഷേധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂർ ടൗൺ ഹാളിലെ ലേലസ്ഥലത്തേക്ക് യൂത്ത് കോൺഗ്രസിനൊപ്പം കെ എസ് യുവിന്‍റേയും പ്രതിഷേധമുണ്ടായി.

കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ലേലം തടയുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രാവിലെ തന്നെ ലേല ഹാളിനു മുന്നിൽ ഉപരോധ സമരം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതിധേക്കാർ ലേല ഹാളിലേക്ക് തള്ളിക്കയറി. ഇതോടെ പ്രതിഷേധക്കാരുമായി പോലീസ് ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.