അഗ്നിപഥിനെതിരെ യുവതയുടെ പ്രതിഷേധം; കൂട്ടയോട്ടം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, June 23, 2022

കൊല്ലം: രാജ്യസുരക്ഷയെ ശിഥിലമാക്കുന്ന അഗ്നിപഥിനെതിരെ പ്രതിഷേധ തിരയിളക്കി കൊല്ലത്ത് യൂത്ത് കോൺഗ്രസ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇന്ത്യൻ യുവതയുടെ തൊഴിലവസരങ്ങളെ ഇല്ലായ്മ ചെയ്യുന്ന അഗ്നിപഥിനെതിരെ യുവജന രോഷമിരമ്പിയ കൂട്ടയോട്ടം കൊല്ലം പള്ളിമുക്കിൽ സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്‍റെ സൈനിക താല്പര്യത്തെ കളങ്കപ്പെടുത്തി ആർഎസ്എസ് വോളന്‍റിയർമാരെ സൈന്യത്തിലെത്തിക്കുവാനുള്ള കുറുക്കുവഴിയായി അഗ്നിപഥിനെ മാറ്റുവാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുകയാണെന്ന് സി.ആർ മഹേഷ് ആരോപിച്ചു. രാജ്യത്തിന്‍റെ അടിവേര് കേന്ദ്രസർക്കാർ തോണ്ടുകയാണ്. ഫാസിസ്റ്റ് സർക്കാർ രാജ്യത്തെ ഇരുട്ടിൽ നിർത്തി ഭരണകൂടം തന്നെ വർഗീയ കലാപങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പള്ളിമുക്കിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം റെയിൽവേസ്റ്റേഷന് മുന്നിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് ജില്ലാ പ്രസിഡന്‍റ് ആർ അരുൺ രാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.എസ് അബിൻ, ഫൈസൽ കുളപ്പാടം, തുടങ്ങിയവർ നേതൃത്വം നൽകി.