ലോക്ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ ഇതരസംസ്ഥാനങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പത്യേക പ്രതിനിധി എ. സമ്പത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് അവസാന വിമാനത്തില്‍ കേരളത്തിലേക്കെത്തിയത് ഏറെ വിവാദമായിരുന്നു. കേരളത്തിലേക്ക് എത്താനാകാതെ നിരവധി മലയാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ തിരുവനന്തപുരത്ത് വിശ്രമിക്കുന്ന സമ്പത്തിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്.
വിഷയത്തില്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. സമ്പത്തിനെ വീട്ടില്‍ നിന്നും വിളിച്ചുണര്‍ത്തുന്ന വിളിച്ചുണര്ത്തല് സമരം യൂത്ത് കോണ്‍ഗ്രസ് തിരുവനനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴുതയ്ക്കാട് വിമന്‍സ് കോളേജ് ജംഗഷനില്‍ നാളെ നടക്കും.
കഴിഞ്ഞവര്‍ഷമാണ് സമ്പത്തിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭ നിയമിച്ചത്. സംസ്ഥാന മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. സമ്പത്തിനായി പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ് , ഡ്രൈവര്‍ എന്നീ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന വിശദീകരണത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സർക്കാർ സമ്പത്തിനെ നിയമിച്ചത്.