‘ഇന്ധന നികുതി ഭീകരത’: പെട്രോൾ പമ്പിൽ വ്യത്യസ്ഥ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Jaihind Webdesk
Sunday, May 22, 2022

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്രോൾ പമ്പിൽ വ്യത്യസ്ഥ പ്രതിഷേധം സംഘടിപ്പിച്ചു.ഇന്ധന നികുതി ഭീകരത രേഖപ്പെടുത്തിയ നോട്ടീസുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയതാണ് സമരം നടത്തിയത്.

ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലാണ് തൃക്കാക്കര മണ്ഡലത്തിലെ പാലാരിവട്ടത്ത് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയവർക്ക് നികുതി ഭീകരത രേഖപ്പെടുത്തിയ നോട്ടീസ് നൽകിയും അവരോട് സംവദിച്ചുമാണ് സമരം അരങ്ങേറിയത്.

കേന്ദ്രം വില കുറച്ചിട്ടും നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാറിൻ്റെ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ല് വിളിയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ കുറ്റപ്പെടുത്തി. വെള്ളത്തിലിട്ടാൽ നനയാത്ത വെയിലത്ത് വെച്ചാൽ ഉണങ്ങാത്ത സമീപനമാണ് ഇന്ധന നികുതി വിഷയത്തിൽ ധനമന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നികുതിഭാരം സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാറിനുള്ള മറുപടി തൃക്കാക്കരയിലെ ജനങ്ങൾ ഉപതെരഞ്ഞെടുപ്പിൽ നൽകുമെന്നും അടുത്ത കാലത്ത് ഒന്നും ഒരു പൊതു തെരഞ്ഞെടുപ്പ് ഇല്ലാത്തത് കൊണ്ടാണ് സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നതെന്നും ഷാഫി പറമ്പിൽ എം.എൽ.എ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചപ്പോൾ സംസ്ഥാന നികുതി കുറച്ച ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ നിലപാട് സർക്കാർ മറക്കരുതെന്നും നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ല ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി.