വിസി പുനർനിയമനം : യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ മാർച്ചില്‍ സംഘർഷം ; പതിനൊന്ന് പ്രവർത്തകർ കസ്റ്റഡിയില്‍

Jaihind Webdesk
Tuesday, December 14, 2021

കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർ നിയമനത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്സും കെഎസ് യു വും. വിസി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവർത്തകന് പരിക്ക്. പതിനൊന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂർ വിസിയുടെ പുനർ നിയമനത്തിന് എതിരെ ശക്തമായ പ്രതിഷേധ സമരത്തിനാണ് കണ്ണുർ സർവ്വകലാശാല പരിസരം ഇന്ന് സാക്ഷ്യം വഹിച്ചത്.രാവിലെ പതിനൊന്ന് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് സർവ്വകലാശാല പരിസരത്ത് എത്തിയത്.

മാർച്ച് സർവ്വകലാശാല കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡ് തകർത്തു.ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരെയായിരുന്നു പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം.

മാധ്യമ പ്രവർത്തകരുടെ ക്യാമറ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞു. ബാരിക്കേഡ് തകർത്ത പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. ജലപീരങ്കി പ്രയോഗത്തിനിടെ വീണ് ഒരു പ്രവർത്തകന് പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ വീണ്ടും സംഘർഷം ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ബലം പ്രയോഗിച്ച് 11 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടൗൺ പോലീസ് സ്‌റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.