നവകേരള സദസിന്‍റെ വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്; ജലപീരങ്കി, സംഘർഷം

Jaihind Webdesk
Tuesday, November 21, 2023

 

കണ്ണൂർ: കളക്ടറേറ്റിന് സമീപം നവകേരള സദസിന്‍റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

ഡിസിസി ഓഫിസിന്‍റെ 50 മീറ്റർ അകലെ ബാരിക്കേഡ് കെട്ടി പോലീസ് മാർച്ച്‌ തടഞ്ഞു. പോലീസിന്‍റെ ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. ഇതോടെ  ജലപീരങ്കി പ്രയോഗിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

അറസ്റ്റ് ചെയ്ത് നീക്കാൻ പോലീസ് ശ്രമിച്ചത് പ്രവർത്തകരെ പ്രകോപിതരാക്കി. പോലീസിന് നേരെയും മുദ്രാവാക്യം വിളി ഉയർന്നു. വനിതാ പ്രവർത്തകരടക്കം പുരുഷ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അരമണിക്കൂറോളം റോഡ് യുദ്ധക്കളമായി മാറി.

വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റി. 7 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷിബിന, കമൽജിത്ത്, വിജിത്ത്, അർജുൻ ചാലാട് ഉൾപ്പെടെയുള്ള നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.