മലപ്പുറം: ബന്ധു നിയമന വിവാദത്തിൽ പ്പെട്ട മന്ത്രി കെ.ടി ജലീലിൻറെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ ലോങ്ങ് മാർച്ച് അവസാനിച്ചു. ജലീലിന്റെ വീടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വസതിക്ക് മുന്നിൽ സംസ്ഥാന കമ്മറ്റി യോഗം ചേർന്നശേഷം സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു.
രാവിലെ പത്ത്മണിക്ക് കോട്ടക്കൽ ചങ്കുവെട്ടിയിൽ നിന്നാരംഭിച്ച ലോങ്ങ് മാർച്ച് വൈകീട്ട് അഞ്ചരയോടെ വളാഞ്ചേരിയിലെത്തിയത്. മന്ത്രി കെടി ജലീലിൻറെ വസതിക്ക് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. ഡി.സി.സി പ്രസിഡൻറ് വിവി പ്രകാശ് സമാപനം ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രവർത്തകർ റോഡിൽ കിടന്ന് വളാഞ്ചേരിയിലെ ദേശീയ പാത ഉപരോധിച്ചു. മുൻനിരയിൽ മലപ്പുറം, പൊന്നാനി പാർലിമെൻറ് കമ്മറ്റി പ്രസിഡൻറുമാരായ റിയാസ് മുക്കോളി, യാസർ പൊട്ടച്ചിറ എന്നിവരും പിൻ നിരയിൽ സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യക്കോസും ഉപരോധത്തിന് നേതൃത്വം നൽകി.ഒന്നരമണിക്കൂറോളം റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ തയ്യാറായില്ല.ഈ സമയം ദേശീയ പാതയിലൂടെ കടന്നു വന്ന ആംബുലൻസുകളെ കടത്തി വിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായി.
തുടർന്ന് മന്ത്രിയുടെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി യോഗം ചേർന്ന് ഭാവി സമര പരിപാടികൾ ഡീൻ കുര്യക്കോസ് പ്രഖ്യാപിച്ചു.
രാവിലെ എ.പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത ലോങ്ങ് മാർച്ച് ഇരുപത്തഞ്ച് കിലോമീറ്റർ സഞ്ചരിച്ചാണ് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിക്ക് മുന്നിലെത്തിയത്.നൂറ് കണക്കിന് പ്രവർത്തകർ ലോംങ്ങ്മാർച്ചിൽ പങ്കാളികളായി.