
നിരന്തരമായി വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നാരോപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സുനന്ദാണ് ഡിജിപിക്ക് പരാതി നൽകിയത്. പൊതുസമൂഹത്തിൽ മതപരമായ ചേരിതിരിവുണ്ടാക്കാനും കലാപത്തിന് ആഹ്വാനം ചെയ്യാനുമാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു.
വെള്ളാപ്പള്ളി നടേശൻ അടുത്തകാലത്തായി നടത്തുന്ന പ്രസ്താവനകൾ കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നതാണെന്ന് സുനന്ദ് പരാതിയിൽ ചൂണ്ടിക്കാട്ടി. മനഃപൂർവ്വം വർഗീയ സ്പർദ്ധ വളർത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും, ഭരണഘടനാ വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിപിക്ക് നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ നിയമപോരാട്ടം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. പോലീസ് നടപടി വൈകിപ്പിച്ചാൽ കോടതിയെ സമീപിച്ച് വെള്ളാപ്പള്ളിക്കെതിരെ കേസെടുപ്പിക്കുമെന്ന് എസ്. സുനന്ദ് വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് വേണമെന്ന പൊതുവികാരം ശക്തമാകുന്നതിനിടെയാണ് വെള്ളാപ്പള്ളിക്കെതിരെ ഈ നീക്കം.