പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശവുമായി യൂത്ത് കോൺഗ്രസ് ആവിഷ്കരിച്ച ബയോ ചാലഞ്ച് രണ്ടാം വർഷത്തിലേക്ക്

Jaihind Webdesk
Saturday, June 5, 2021

കണ്ണൂർ : പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി ആവിഷ്കരിച്ച ബയോ ചാലഞ്ച് വിജയകരമായ രണ്ടാ വർഷത്തിലേക്ക്. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ ഒരു വൃക്ഷത്തൈ നട്ട് അതിനോടൊപ്പമുള്ള ഫോട്ടോ യൂത്ത് കോൺഗ്രസ് ബയോ കെയറിലേക്ക് അയച്ച് കൊടുത്തുകൊണ്ടാണ് ചലഞ്ച് ആരംഭിച്ചത്. അതേ വൃക്ഷത്തൈ ഒരു വർഷം പരിപാലിച്ച് ഈ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈയോടൊപ്പം വൃക്ഷത്തെ നട്ടയാളുടെ ഫോട്ടോ അയക്കുന്നതാണ് ബയോ കെയർ ചലഞ്ച്.നിരവധി പേരാണ് ചലഞ്ചിൽ പങ്കാളിയായത്.

കുട്ടികൾ ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ചബയോ ചാലഞ്ചിൽ പങ്കാളികളായത്. വരുന്ന തലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നത് യുവജനങ്ങളിലേക്ക് എത്തിക്കാനാണ് യൂത്ത് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞവർഷം പതിനൊന്നായിരത്തോളം പേരാണ് ചലഞ്ചിൽ പങ്കാളികളായി വൃക്ഷത്തൈ നടുന്ന ഫോട്ടൊ വാട്സ് ആപ്പ് ചെയ്തത്. ചലഞ്ച് രണ്ടാം വർഷത്തിലേക്ക് കടന്നപ്പോഴും പങ്കാളിത്തത്തിൽ ഒരു കുറവും ഉണ്ടായില്ല. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ കെ.വി ധനേഷ് ഉൾപ്പടെ നിരവധി പേർ രണ്ടാ വർഷവും ചലഞ്ചിൽ പങ്കാളികളായി.

ബയോ ചലഞ്ചിൽ വൃക്ഷത്തൈ സംരക്ഷി ച്ച് ഒരു വർഷം പൂർത്തിയാക്കിയവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരുടെ വീടുകളിലെത്തി ആദരിക്കുന്ന പരിപാടിക്കും ഈ പരിസ്ഥിതി ദിനത്തിൽ തുടക്കമായി, ഇതിന്‍റെ ഭാഗമായി മുൻ ഫുട്ബോൾ താരം കെ.വി.ധനേഷിനെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു.കണ്ണൂർ മേയർ ടി .ഒ മോഹനൻ ഉപഹാരം നൽകി അഡ്വ മാർട്ടിൻ ജോർജ്ജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീപ് ജയിംസ്, വിവിധ യൂത്ത് കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.