YOUTH CONGRESS | വീണ്ടും അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി നടന്‍ വിനായകന്‍; മണ്‍മറഞ്ഞ നേതാക്കള്‍ക്കും ഇകഴ്ത്തല്‍ ; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind News Bureau
Thursday, July 24, 2025

വീണ്ടും അധിക്ഷേപ ഫേസ്ബുക് പോസ്റ്റുമായി നടന്‍ വിനായകന്‍.അന്തരിച്ച മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെതിരെയും രാഷ്ട്രപിതാവ് മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്റുവും മുതല്‍ ഉമ്മന്‍ ചാണ്ടി വരെ അന്തരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും സമൂഹ മാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്ന വാക്കുകളാണ് വിനായകന്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതിനെതിരെ എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സിജോ ജോസഫ് ഡി.ജി.പിക്ക് പരാതി നല്‍കി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, മുന്‍ എറണാകുളം എംഎല്‍എ ജോര്‍ജ് ഈഡന്‍ തുടങ്ങിയവരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിനായകന്‍ ഇകഴ്ത്തി അധിക്ഷേപിച്ചതായി യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നു. ഡിജിപിക്ക് നല്‍കിയ പരാതിക്ക് പുറമെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ നടന്ന വിലാപയാത്രയെ വിനായകന്‍ വിമര്‍ശിച്ചിരുന്നു. അതേസമയം വിഎസ് അച്യുതാനന്ദന്റെ വിലാപയാത്രയ്ക്ക് വിനായകന്‍ അഭിവാദ്യം അര്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. സമൂഹത്തിലെ പലരും ഇതിനെ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിനായകന്റെ കുറിപ്പ് പ്രത്യക്ഷപ്പെടുന്നത്.

ഫേസ്ബുക് കുറിപ്പിലാണ് മണ്‍മറഞ്ഞ നേതാക്കളെ വിനായകന്‍ അധിക്ഷേപിച്ചതായി യൂത്ത് കോണ്‍ഗ്രസിന് പരാതി നല്‍കിയത്.