കണ്ണൂർ : പാനൂരിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് കരിങ്കൊടി പ്രതിഷേധ മാർച്ച് നടത്തി. എക്സൈസ് ഉദ്യോഗസ്ഥൻ സുനിലിന്‍റെ മരണത്തിന് ഇടയാക്കിയ കാരണം സമഗ്രമായി അന്വേഷിക്കുക, ആരോഗ്യ മന്ത്രി കെ.കെ ഷൈലജ രാജിവെക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സമാപന പൊതുയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണ് സുനിലിന്‍റെ മരണത്തിന് കാരണമെന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ചോദ്യങ്ങൾക്ക് ആരോഗ്യ മന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ എം.എല്‍.എ ആവശ്യപ്പെട്ടു. സുനിലിന്‍റെ സഹോദരന്‍റെ പരാതിയിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് വ്യക്തമാക്കണം. മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണം എങ്ങും എത്തിയില്ലെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.
ചില കേസുകളിൽ പ്രതി ബി.ജെ.പിക്കാരനോ, സി.പി.എമ്മുകാരനോ ആണെങ്കിൽ പൊലീസിന് മെല്ലെപ്പോക്കാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ആരോഗ്യ മന്ത്രി ഒരിക്കൽ പോലും ആ കുടുംബത്തെ വിളിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി ഉൾപ്പടെയുള്ളവർക്ക് പി.ആർ വർക്കിനോടാണ് താല്‍പര്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം തള്ളിയാൽ മാത്രം പോര ജനങ്ങളുടെ ചോദ്യത്തിന് മറുപടി നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മാർച്ചില്‍ ഇരുപത്തിയഞ്ച് പേർ സാമൂഹിക അകലം പാലിച്ച് പങ്കെടുത്തു. കൂത്തുപറമ്പില്‍ നിന്ന് ആരംഭിച്ച മാർച്ച് പാനൂരില്‍ ആരോഗ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുന്നില്‍ സമാപിച്ചു.
https://www.facebook.com/JaihindNewsChannel/videos/342590930239048/