മുസഫർ നഗർ കലാപം : 18 കേസുകൾ യുപി സർക്കാർ പിൻവലിക്കുന്നു

Jaihind Webdesk
Monday, January 28, 2019

Muzaffarnagar-Riots

മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട 18 കേസുകൾ യുപി സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചു. നിരവധി ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസുകളാണ് മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ടിട്ടുള്ളത്.

യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെ.ജെ. സിങ് മുസഫർനഗർ ജില്ല മജിസ്‌ട്രേറ്റായ രാജീവ് ശർമക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.

സർക്കാറിൽനിന്നുള്ള നിർദേശം അനുസരിച്ച് ജില്ല അധികൃതർ കേസ് പിൻവലിക്കാനുള്ള അനുമതി തേടി കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഐ.പി.സിയിലെ സുപ്രധാന വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത കേസുകളാണ് മുസഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ.

യുപി സർക്കാർ അധികാര ദുർവിനിയോഗം ചെയ്യുകയാണ് ഈ നടപടിയിലൂടെ. മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 125 കേസുകളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ തേടിയിരുന്നു. ഇതിൽ കേസുകൾ പിൻവലിക്കുന്നതിന്റെ സാധ്യതയും അന്വേഷിച്ചതായി അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് അമിത് കുമാർ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയുടെ എം.പിമാരായ സഞ്ജീവ് ബല്യാൺ, ഭാരതേന്ദ്ര സിങ്, എം.എൽഎമാരായ സംഗീത് സോം, ഉമേഷ് മലിക്ക് തുടങ്ങിയവർ മുസഫർനഗർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.. ഇതിന് പുറമെ യു.പി മന്ത്രി സുരേഷ് റാണ, ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി എന്നിവർക്കെതിരെയും കേസുകൾ ഉണ്ട്. അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് യുപി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.