പത്മശ്രീ പുരസ്‌കാരം നിരസിച്ച് ഗീതാ മെഹ്ത

webdesk
Saturday, January 26, 2019

Gita-Mehta-sister of Naveen Patnaik

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകൾക്കിടയാക്കുമെന്നും അതുകൊണ്ടാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഗീതാ മെഹ്ത വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന എഴുത്തുകാരിയാണ ഗീതാ മെഹ്ത. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിലൂടെ സര്‍ക്കാരിനാല്‍ താന്‍ ആദരിക്കപ്പെടുകയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കുന്നത് പല രീതിയിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. അത് ചിലപ്പോള്‍ തനിക്കും സര്‍ക്കാരിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ഗീതാമെഹ്ത പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഗീതാ മെഹ്തയും പ്രസാധകനായ ഭര്‍ത്താവ് സോണി മെഹ്തയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച ഏറെ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നവീന്‍ പട്നായിക്കിനെയും ബി.ജെ.ഡി.യെയും ചേര്‍ത്ത് നിര്‍ത്താനുള്ള ബി.ജെ.പി. തന്ത്രമായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടത്.

ഇന്നലെ ഒഡീഷയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നവീന്‍ പട്നായിക്കിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മോദിയാല്‍ നിയന്ത്രിക്കപ്പെടുന്ന യന്ത്രമാണ് മുഖ്യമന്ത്രി എന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.