ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിന്റെ വസതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷന് ഓഫീസ് മാറ്റി. ഡല്‍ഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന് ഭരണസമിതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ബ്രിജ് ഭൂഷണിന്റെ വിശ്വസ്തന് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു പുതിയ ഭരണസമിതി. ബ്രിജ് ഭൂഷണിന്റെ നിയന്ത്രണത്തില്‍ തന്നെയുള്ള പുതിയ കമ്മിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം ഭരണസമിതി പിരിച്ചുവിട്ടത്. ഗുസ്തി ഫെഡറേഷന് ഓഫീസ് ബ്രിജ് ഭൂഷണിന്റെ വസതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതും പുതിയ കമ്മിറ്റി പിരിച്ചുവിടാനുള്ള കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫെഡറേഷന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സാക്ഷി മാലിക്ക് ബൂട്ടഴിച്ചിരുന്നു. പദ്മശ്രീ തിരിച്ചുനല്കിക്കൊണ്ടായിരുന്നു ഗുസ്തി താരമായ ബജ്രംഗ് പുനിയയുടെ പ്രതിഷേധം. വീരേന്ദര്‍ സിംഗ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇടപെടലുമായി കായികമന്ത്രാലയം രംഗത്തെത്തിയത്.