ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും മുംബെയിലെയും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റു ആശുപത്രി ജീവനക്കാർക്കും കൊവിഡ് പകരാനുള്ള സാഹചര്യം ഉണ്ടായത് അത്യന്തം ആശങ്കയുളവാക്കുന്നുവെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ് വർധന് കൊടിക്കുന്നിൽ സുരേഷ് എം.പി കത്ത് നൽകി.
കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രികളിൽ മതിയായ ശുചിത്വം ഉറപ്പു വരുത്തുക, ഉപകരണങ്ങളിലും ഐസൊലേഷൻ വാർഡുകളിലും മതിയായ അണു നശീകരണം അംഗീകൃത പ്രോട്ടോക്കോൾ നിർബന്ധമായും പാലിച്ചുകൊണ്ട് നടത്തുക, അതിൽ വീഴ്ച വരുത്തുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക, രാജ്യത്തെ കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളിൽ ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകാരങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ സൂചിപ്പിച്ചു.
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർ അസുഖബാധിതർ ആകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇങ്ങനെ സംഭവിക്കുന്നത് രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനം തകരാന്‍ ഇടയാക്കുമെന്നും അതിനാൽ കേന്ദ്രമന്ത്രി നേരിട്ട് തന്നെ ഈ വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി കത്തില്‍ആവശ്യപ്പെട്ടു.