ഇന്ന് ലോക ഓസോണ്‍ ദിനം. ജീവന്‍റെ കരുത്തലിനായി പ്രപഞ്ചം തന്നെ തീർത്ത ആ രക്ഷാകവച്ചതിന്‍റെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം. മഹാമാരിയിൽ ലോക ജനത പിടയുമ്പോഴും മനുഷ്യജീവനൊപ്പം പ്രകൃതിയുടെ ജീവൻകൂടി സംരക്ഷിക്കേണ്ടിയിരിക്കുന്ന ആവശ്യകതയും ഈ മഹമരിക്കാലത്ത് മുന്നറിയിപ്പാക്കുകയാണ്.
ഭൂമിയിലെ ജീവന് കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോണ് പാളി. സൂര്യനിൽ നിന്നും വരുന്ന അതിതീവ്ര രശ്മികളെ ഭൂമിയിൽ നേരിട്ട് പതിക്കുന്നതിൽ നിന്നും അത് സംരക്ഷിക്കുന്നു. ഓസോൺ പാളിയുടെ സംരക്ഷണത്തിനായി 1988 സെപ്തംബർ 16 മുതലാണ് ഐക്യരാഷ്ട്രസഭ ഓസോൺ ദിനം ആചരിക്കാൻ തുടങ്ങിയത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1987 സെപ്തംബർ 16 നാണ് ലോകരാഷ്ട്രങ്ങൾ മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഇതിന്‍റെ സ്മരണയ്ക്കാണ് സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഓസോൺ സംരക്ഷണത്തിന്‍റെ ഭാഗമായുള്ള നിർണായകമായ ചുവട് വെയ്പ്പായിരുന്നു ഇത്. ഇതിന്‍റെ തുടർച്ചയായി നടത്തിയ പരിശ്രമങ്ങളിലൂടെയാണ് ഓസോൺ പാളിയിലെ വിള്ളൽ കുറയ്ക്കാൻ കഴിഞ്ഞത്. ഈ രീതിയിൽ തന്നെ മുന്നോട്ട് പ്രവർത്തിച്ചാൽ 2050 കാലഘട്ടം ആകുമ്പോഴേക്കും വിള്ളലുകൾ ഇല്ലാതായി 1980 ന് മുൻപുള്ള അവസ്ഥയിൽ എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.
സൂര്യനിൽ നിന്നുള്ള അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിക്ക് സംരക്ഷണ കവചമായാണ് ഓസോൺ നിലകൊള്ളുന്നത്. ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ താപനില കുറയ്ക്കുകയും സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന ഓസോൺ പാളിയുടെ ഏറ്റവും വലിയ ഭീഷണിയാണ് ക്ലോറോ ഫ്ളൂറോ കാർബൺ. എസി, ഫ്രിഡ്ജ് എന്നിവയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന സിഎഫ്സിയാണ് ഓസോൺ പാളിയിൽ വിള്ളൽ വീഴാൻ കാരണം. നൈട്രസ് ഓക്സൈഡ്, അറ്റോമിക ക്ലോറിൻ, ബ്രോമിൻ എന്നിവയെല്ലാം ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്നു. അതേസമയം ആഗോളതാപനവും പ്ലാസ്റ്റിക്ക്‌വത്കരണവും നമ്മുടെ പ്രകൃതിയെ തന്നെ കവർന്നെടുക്കുന്നു. എന്നാൽ ഇന്ന് ലോകം മുഴുവനും മഹാമാരിയിൽ വൻ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ പ്രകൃതിയെ സംരക്ശിക്കാൻ മനുഷ്യൻ മറക്കുന്നകാഴ്ചയാണ് കാണാനാകുന്നത്. എന്നാൽ ഓർക്കുക ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഓസോൺ ശോഷണത്തിന് കാരണമായ രാസ വസ്തുക്കളുടെയും വാതകങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ നാം ഇനിയും തയ്യാറായില്ലെങ്കിൽ മനുഷ്യന്‌റെ നിലനിൽപ്പിന് കൊവിഡിനെക്കാളും വലിയ ഭീക്ഷണി നേരിടേണ്ടി വന്നേക്കാം