ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന ; 2600 ജീവനക്കാരെ വിന്യസിച്ചു

Monday, April 26, 2021

ജനീവ : കൊവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യസംഘടന. ഓക്സിജനും ജീവന്‍രക്ഷാ ഉപകരണങ്ങളും അടക്കം സാധ്യമായ സഹായങ്ങള്‍ ഇന്ത്യയ്ക്ക് എത്തിക്കുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. 2600 ജീവനക്കാരെ അധികമായി ഇന്ത്യയില്‍ വിന്യസിച്ചെന്നും ടെഡ്രോസ് ജനീവയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,812 പേരുടെ ജീവൻ നഷ്ടമായി. ഓക്സിജന്‍ ക്ഷാമമാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നിരവധി പേർക്കാണ് പ്രാണവായു ലഭിക്കാതെ ജീവന്‍ നഷ്ടമായത്. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരുന്നു.