പണി തീരാത്ത സിവിൽ സപ്ലൈസ് ഗോഡൗൺ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നീക്കം വിവാദത്തില്‍

Jaihind Webdesk
Wednesday, August 4, 2021

നിലമ്പൂർ : പണി തീരാത്ത സിവിൽ സപ്ലൈസിന്‍റെ ഏകീകൃത ഗോഡൗൺ പ്രവർത്തനം തുടങ്ങാനുള്ള  നീക്കം വിവാദമായി. അരി ഇറക്കാനുള്ള ശ്രമം തൊഴിൽ തർക്കത്തെത്തുടർന്ന് തടസ്സപ്പെട്ടു. ഗോഡൗണിനു ചുറ്റും റോഡിൽ വെളളം കെട്ടിനിൽക്കുന്നുണ്ട്. തറയിൽ ടൈൽ പാകിയിട്ടില്ല. സിമന്‍റ് ഇട്ട തറയിൽ ഭക്ഷ്യസാമഗ്രികൾ സൂക്ഷിച്ചാൽ ഈർപ്പം തട്ടി വേഗം കേടുവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഫിസിന്‍റെ പണിയും തീരാനുണ്ട്.

നിലവിൽ വണ്ടൂർ, എടക്കര, കാളികാവ് എന്നീ 3 ഗോഡൗണുകളിൽ നിന്നാണ് സാമഗ്രികൾ താലൂക്കിലെ റേഷൻ കടകളിൽ എത്തിക്കുന്നത്. തൊണ്ടിയിൽ ആണ് താലൂക്ക് തല ഗോഡൗണിന് കെട്ടിടം നിർമിച്ചത്. പ്രവർത്തനം തുടങ്ങുമ്പോൾ പ്രാദേശിക ഗോഡൗണുകൾ നിർത്തും.

എടക്കര, വണ്ടൂർ ഗോഡൗണുകൾ നിർത്തി അടുത്ത മാസം മുതൽ താലൂക്ക് തല ഗോഡൗണിൽനിന്ന് വിതരണം നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ലോഡ് ഇറക്കുമ്പോൾ തൊഴിൽ തർക്കം ഉണ്ടായി. നിലവിൽ വണ്ടൂരിലും എടക്കരയിലും തൊഴിലെടുക്കുന്നവർക്ക് പുതിയ ഗോഡൗണിൽ തൊഴിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇതര യൂണിയനുകളും പ്രാദേശിക തൊഴിലാളികളും അവകാശവാദം ഉന്നയിച്ചു രംഗത്തുണ്ട്.

68 കടകൾ എടക്കര ഗോഡൗണിന്റെ പരിധിയിലുണ്ട്. 74 എണ്ണം വണ്ടൂരിന്റെ പരിധിയിലും. ഗോഡൗൺ ഏകീകരിക്കുന്നതോടെ സാധനങ്ങൾ യഥാസമയം കിട്ടാത്ത സ്ഥിതി വരുമെന്ന് ആശങ്കയുണ്ടെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെഎസ്ആർആർഡിഎ) ജില്ലാ വർക്കിംഗ് സെക്രട്ടറി പ്രകാശ് മാത്യു പറഞ്ഞു.

ആദിവാസി മേഖലയാണെന്നത് പരിഗണിച്ച് എടക്കര ഗോഡൗൺ നിലനിർത്തണം. താലൂക്ക് ഗോഡൗൺ തുടങ്ങും മുൻപ് എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.