അമിത് ഷാ-പിണറായി വാക്‌പോര് നാടകം ; സ്വർണ്ണക്കടത്ത് അന്വേഷണം ആവിയായത് എങ്ങനെയെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, March 9, 2021

 

ന്യൂഡല്‍ഹി : കേരളത്തിൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കോൺഗ്രസ്. സ്വര്‍ണ്ണക്കടത്ത് അന്വേഷണം എങ്ങനെ പാതിവഴിയില്‍ നിന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി  അമിത് ഷാ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്.  ദുരൂഹ മരണം ഉണ്ടായിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച് അമിത് ഷാ തുറന്നു പറയണം. ഇക്കാര്യം മറച്ചുവെക്കാന്‍ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്നും നേതാക്കള്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ഉമ്മന്‍ ചാണ്ടി,  മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവർ.

പിണറായി വിജയന്‍ ആദ്യം ജയിച്ചത് ജനസംഘത്തിന്‍റെ പിന്തുണയോടെയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ ഓഫീസുകള്‍ ബിജെപി കാര്യാലയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നതിന് അമിത് ഷായുടെ കയ്യിൽ തെളിവുണ്ടെങ്കിൽ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

കൊലപാതകം നടന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദുരൂഹ കൊലപാതകം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണം ആവശ്യമാണ്. അമിത് ഷാ-പിണറായി വാക്‌പോര് നാടകം മാത്രമാണ്. അമിത് ഷാ മാലാഖ ചമയേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പരമുള്ള ചോദ്യങ്ങളല്ല, ഉത്തരങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ് എങ്ങനെ ആവിയായി എന്ന് അമിത് ഷാ പറയണം. ബിജെപി-സിപിഎം കൂട്ടുകെട്ട് ഓരോ ദിവസവും മറ നീക്കി പുറത്തു വരുന്നതാണ് കാണാനാകുന്നത്. അന്വേഷണം പാതിവഴിയില്‍ നിന്നത് ഈ കൂട്ടുകെട്ട് കൊണ്ടാണെന്നും നേതാക്കള്‍ ഡല്‍ഹിയില്‍ പറഞ്ഞു.