മാർച്ച് 8 – ‘ബാലൻസ് ഫോർ ബെറ്റർ’ എന്ന സന്ദേശവുമായി അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് മാർച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള വനിതകളുടെ അവകാശങ്ങൾക്കായി ഒരു ദിനം. അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വനിതാ ദിനത്തിന്‍റെ പ്രസക്തി ഏറുകയാണ്.   ‘ബാലൻസ് ഫോർ ബെറ്റർ’ (#BalanceforBetter) എന്നതാണ് ഇത്തവണ അന്താരാഷ്ട്ര വനിതാദിനത്തിന്റെ തീം.

മാർച്ച് എട്ട് സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക ദിനം എന്ന രീതിയിലാണ് പലപ്പോഴും വനിതാദിനത്തെ നോക്കി കാണുന്നത്. എന്നാൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ‘അസാധാരണത്വ’ങ്ങളുള്ള ഒരു പ്രത്യേക ദിനമെന്ന രീതിയിൽ നിന്നും ലിംഗസമത്വമെന്ന ആശയത്തിനു വേണ്ടി ശക്തമായി നിലകൊള്ളുന്ന ഒരു ദിനമാണ് എന്ന രീതിയിലേക്കുള്ള ഒരു മാറ്റമാണ് സമൂഹത്തിന് ആവശ്യം.

സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും സാമ്പത്തികമായുമൊക്കെ തുല്യത കൈവരിച്ച സ്ത്രീകൾ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുമ്പോഴും അതെല്ലാം പോരാട്ടവീര്യമുള്ള ഒരു വിഭാഗത്തിന്റെ നേട്ടങ്ങൾ മാത്രമായിട്ടാണ് എണ്ണപ്പെടുന്നത്. സാമൂഹിക അവസ്ഥകളിൽ ലിംഗസമത്വം എന്ന ആശയം ഇനിയും വേണ്ടത്ര രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അതിനാൽ തന്നെ ഓരോ വനിതാദിനത്തിനും പ്രസക്തി ഏറികൊണ്ടേയിരിക്കുകയാണ്.

1990 മുതലാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പക്ഷെ ലോകത്തിന്‍റെ എല്ലാ ഭാഗത്തും സ്ത്രീകളുടെ അവസ്ഥ ഇന്നും പരിതാപകരമാണ്. പുരുഷനോളം തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് കഴിഞ്ഞുപോയ 28 വർഷങ്ങളിലും ഓരോ വനിതാദിനത്തിലൂടെയും സ്ത്രീകൾ ഉദ്‌ഘോഷിച്ചിട്ടും ആ അവസ്ഥകളിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. പരസ്യബോർഡുകളിൽ ഗ്യാസ് സിലിണ്ടറിന്റെ സബ് സിഡിയെ കുറിച്ച് ഓർമ്മിപ്പിക്കുകയാണ് 21-ാം നൂറ്റാണ്ടിലും ഇന്ത്യൻ സ്ത്രീകൾ. സ്ത്രീകൾ ജനിച്ചതേ ഭക്ഷണം പാകം ചെയ്യാനാണെന്ന ആശയം തന്നെയാണ് ഈ 21-ാം നൂറ്റാണ്ടിലും കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതാണ് നിരാശജനകമായ കാര്യം.

ഇപ്പോഴും പുരുഷാധിപത്യസമൂഹത്തിൽ വേതനമില്ലാത്ത സ്ത്രീയുടെ ഗാർഹികജോലിയെയും ഉത്തരവാദിത്വങ്ങളെയും കുടുംബസ്‌നേഹമായിട്ടാണ് നിർവ്വചിക്കപ്പെടുന്നത്. ത്യാഗവും പരാതികളില്ലാത്ത സേവന മനോഭാവവുമൊക്കെ സ്ത്രീത്വത്തിന്റെ പ്രത്യേകതകളായി നിർവ്വചിക്കപ്പെടുന്നു. സമൂഹത്തിന്റെ മനോഭാവങ്ങളിലാണ് സമൂലമായ ഒരു മാറ്റം ഉണ്ടാവേണ്ടത്.

Women's Day 2019#BalanceforBetter
Comments (0)
Add Comment