17-ആം ലോകസഭ ഇക്കുറി ശ്രദ്ധേയമാകുന്നത് മുമ്പെങ്ങും ഇല്ലാത്തവിധമുള്ള വനിതകളുടെ എണ്ണം കൊണ്ട് കൂടിയാണ്. ആകെയുള്ള 542 അംഗങ്ങളിൽ പെൺകരുത്ത് തെളിയിക്കാൻ പോകുന്നത് 78 പേരാണ്. മൊത്തം എംപിമാരുടെ 14 ശതമാനമാണിത്.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഇത്രയും സ്ത്രീകൾ ഒന്നിച്ച് ലോകസഭയിലെത്തുന്നത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള നിരയില്‍ കേരളത്തിൽനിന്നുള്ള പ്രതിനിധി രമ്യ ഹരിദാസ് ആണ്. ആകെയുള്ള 303 സീറ്റുകളിൽ 41 പേരാണ് ബിജെപിയിൽ നിന്നും ലോകസഭയിലേക്ക് എത്തുന്ന സ്ത്രീകൾ.
രാജ്യമെമ്പാടുമുള്ള കണക്കുകൾ എടുക്കുമ്പോൾ ഉത്തർ പ്രദേശും പശ്ചിമ ബംഗാളുമാണ് ലോകസഭയിലേക്ക് ഏറ്റവും കൂടുതൽ വനിതകളെ അയച്ചിരിക്കുന്നത്. 11 സ്ത്രീകളെ വീതമാണ് രണ്ടു സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ 40 ശതമാനം പ്രാതിനിധ്യം നൽകിയിരുന്നു. ഇതിൽ 9 സ്ത്രീകൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളിൽ നിന്നും രണ്ട് സ്ത്രീകൾ കൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ വനിതാ മുന്നേറ്റത്തിന്റെ വലിയ നേട്ടമാണ് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്.
ഇത്തവണ ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി കോണ്‍ഗ്രസ് മാതൃക സൃഷ്ടിച്ചിരുന്നു.