ദേശീയരാഷ്ട്രീയത്തിലും അന്താരാഷ്ട്രതലത്തിലും കരുത്തരായ ഇന്ത്യൻ വനിതകൾ നമുക്കുണ്ട്. എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെക്കുറവാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അവകാശപ്പെടുമ്പോഴും പാർലമെന്റിലെ സ്ത്രീപ്രാതിനിധ്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 150തിൽ താഴെയാണ്.
ജനസംഖ്യയിൽ പകുതിയും സ്ത്രീകളാണെന്നിരിക്കെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മൊത്തം സ്ഥാനാർഥികളിൽ സ്ത്രീകൾ 8.3 ശതമാനം മാത്രമാണ്. ഇത് റെക്കോഡായിരുന്നുവെങ്കിലും 1962നും 1996നും ഇടയിൽ അഞ്ച് ശതമാനത്തിൽ താഴെയായിരുന്നു സ്ത്രീ സ്ഥാനാർഥികൾ. ഇപ്പോഴത്തെ വർധനയ്ക്ക് പട്ടികവിഭാഗ സംവരണവും മറ്റും സഹായകമായിട്ടുണ്ട് എന്ന് വേണം കരുതാൻ 1980നും 2014നും ഇടയിൽ സംവരണമണ്ഡലങ്ങളിൽനിന്ന് മത്സരിച്ചവരിൽ ഏഴു ശതമാനം സ്ത്രീകളാണ്. വിജയിക്കുന്നവരിൽ 16.2 ശതമാനം സ്ത്രീകളാണ്. പൊതുമണ്ഡലങ്ങളിൽ മത്സരിച്ചവർ 4.8 ശതമാനവും വിജയിച്ചവർ 11. 5 ശതമാനവുമാണ്. എന്നാൽ, വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും വർധിച്ചു.
16 പൊതുതെരഞ്ഞെടുപ്പിലും സ്ത്രീകളുടെ പോളിങ് നിരക്ക് പുരുഷന്മാരേക്കാൾ ഏറെ പിന്നിലായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടായി. 1967ൽ 66.7 ശതമാനം പുരുഷന്മാർ വോട്ടുചെയ്തപ്പോൾ സ്ത്രീകൾ 55.5 ശതമാനംമാത്രം. 1971ൽ സ്ത്രീകളുടെ പോളിങ് 48 ശതമാനമായി. 1977ൽ 55 ശതമാനം സ്ത്രീകൾ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോൾ 1980ൽ ഇടിവുണ്ടായി. 1984ലെ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയത് 59 ശതമാനമാണ്. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും സ്ത്രീകളുടെ പോളിങ് നിരക്ക് ഇടിഞ്ഞു. 1989ൽ 57ഉം 1991ൽ 52 ശതമാനവും. 1996ലെയും 1998ലെയും തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സ്ത്രീകൾ വോട്ടുചെയ്തു. 1996ൽ 53 ശതമാനമായിരുന്നത് 1998ൽ 57 ശതമാനമായി. 1999ലെയും 2004ലെയും തെരഞ്ഞെടുപ്പുകളിൽ വീണ്ടും കുറഞ്ഞു. 2004ൽ 53 ശതമാനം സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്തിയത്. 2009ലും 2014ലും കൂടുതൽ സ്ത്രീകൾ വോട്ടുചെയ്തു.
2014ൽ 16-ആം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സ്ത്രീവോട്ടർമാരുടെ പങ്കാളിത്തമുണ്ടായത്. ചരിത്രത്തിലാദ്യമായി 60 ശതമാനത്തിലധികം സ്ത്രീകൾ വോട്ടുചെയ്തു. 26 കോടിയിലധികം സ്ത്രീകളായിരുന്നു അന്ന് വോട്ടുചെയ്തത്. വോട്ടിങ് ശതമാനത്തിലെ സ്ത്രീ പുരുഷ അന്തരം ഏറ്റവും കുറഞ്ഞതും ഈ തെരഞ്ഞെടുപ്പിലായിരുന്നു. പുരുഷന്മാർ 67.1 ശതമാനവും സ്ത്രീകൾ 65.3 ശതമാനവും. 16 പൊതുതെരഞ്ഞെടുപ്പിലും പുരുഷന്മാരുടെ പോളിങ് ശതമാനം 50ൽ താഴെപോയിട്ടില്ല.
കേരളത്തിൽ മുന്നിൽ സ്ത്രീകൾ മിക്ക സംസ്ഥാനങ്ങളിലും സ്ത്രീവോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടായി. തമിഴ്നാട്, സിക്കിം, നാഗാലാൻഡ്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ പുരുഷന്മാർക്കൊപ്പമോ അവരേക്കാൾ അധികമോ സ്ത്രീകൾ വോട്ടവകാശം വിനിയോഗിച്ചു.