പണം തിരികെനല്‍കിയില്ല, യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

Jaihind Webdesk
Friday, June 14, 2019

ബെംഗളൂരു: വായ്പ വാങ്ങിയ പണം തിരികാത്തതിന് യുവതിയെ പരസ്യമായി അപമാനിച്ചു.  യുവതിയെ ഒരു സംഘം ആളുകള്‍ പൊതുനിരത്തിന് സമീപം പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണാടകയില്‍  രാമനഗരയിലെ കൊഡിഗെഹള്ളിയില്‍ ഇന്നലെയായിരുന്നു സംഭവം.  യുവതി പലരില്‍ നിന്നായി 12 ലക്ഷം രൂപയോളം വാങ്ങി മുങ്ങുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇതിന്‍റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ സ്വദേശിനിയായ 36-കാരി രാജമ്മയെയാണ് നാട്ടാകാര്‍ ചേര്‍ന്ന് കെട്ടിയിട്ടത്. സംഘത്തിലെ മറ്റുള്ളവരെയും പിടികൂടാന്‍ ശ്രമം നടക്കുന്നതായി പൊലീസ് പറഞ്ഞു.

കുറച്ചുവര്‍ഷങ്ങളായി രാജമ്മയും മകളും കൊഡിഗെഹള്ളിയിലാണു താമസിക്കുന്നത്. നിരവധി പേരുടെ കൈയില്‍ നിന്ന് ഏകദേശം  12 ലക്ഷം രൂപ വാങ്ങി ഇവർ ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു.  ഹോട്ടല്‍ നഷ്ടത്തിലായതോടെ പണം തിരികെനല്‍കാന്‍ കഴിയാതെവന്നു. പണം തിരികെ ആവശ്യപ്പെട്ട് ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ   ഇവര്‍ നാടുവിട്ടു. ഇതിനിടെ രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ബുധനാഴ്ച ഇവരെ കണ്ടെത്തി. വ്യാഴാഴ്ച കൊഡിഗെഹള്ളിയിലേക്കു കൊണ്ടുവന്ന ഇവരെ പണം കടംകൊടുത്തവരും മറ്റു നാട്ടുകാരും ചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.