സമ്പർക്കരഹിത സ്തനാർബുദ പരിശോധനയുമായി ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്‍റർ ഫോർ സർജറി

Jaihind News Bureau
Friday, October 30, 2020

 

കോഴിക്കോട് : മെട്രോമെഡ് ഹോസ്പിറ്റലിൽ സ്ഥിതി ചെയ്യുന്ന ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റർ ഫോർ സർജറി (സിസിഎസ്) സമ്പർക്ക രഹിതവും സ്വകാര്യത ഉറപ്പു നൽകുന്നതുമായ സ്തനാർബുദ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ മുൻ‌നിര എ‌ഐ അധിഷ്ഠിത സ്തനാർബുദ സ്ക്രീനിങ്ങ് കമ്പനിയായ നിരാമയ് ഹെൽത്ത് അനലിറ്റിക്സുമായി സഹകരിച്ചാണ് സിസിഎസ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. തെർമൽ ഇമേജിങ്ങിനെ നിർമിത ബുദ്ധിയുമായി സംയോജിപ്പിക്കുന്ന ഒരു ഓട്ടോമേറ്റഡ് ബ്രെസ്റ്റ് ഹെൽത്ത് സ്ക്രീനിങ്ങ്, ഡയഗ്നോസ്റ്റിക് ഉപകരണമാണ് നിരാമയ് വികസിപ്പിച്ചെടുത്ത ‘തെർമലിറ്റിക്സ്.’

സമ്പർക്കം ഒഴിവാക്കി, റേഡിയേഷൻ ഇല്ലാതെ കൃത്യതയാർന്ന ഫലം നൽകുന്ന ഈ ഓട്ടോമേറ്റഡ് ഉപകരണം വഴി ഏതു പ്രായത്തിലുള്ള സ്ത്രീകളുടെയും സ്തനാർബുദ പരിശോധന നടത്താൻ കഴിയും. കൈയിൽ കൊണ്ടു നടക്കാവുന്ന തെർമലിറ്റിക്സ് വഴിയുള്ള പരിശോധനയ്ക്ക് ചെലവ് താരതമ്യേന കുറവാണ്. അതുവഴി സാധാരണക്കാർക്കും താങ്ങാവുന്നതായി  കാൻസർ പരിശോധന മാറുന്നു.

കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഹോം സ്ക്രീനിംഗ് സേവനങ്ങളും പ്രയോജനപ്പെടുത്താം. വീട്ടുപടിക്കൽ സേവനമെത്തും. സുരക്ഷാ മുൻകരുതലുകൾ മുഴുവനായും പാലിച്ച്, വനിതാ ടെക്നീഷ്യൻമാർ മാത്രമാണ് പരിശോധനകൾ നടത്തുന്നത്. കാലതാമസം ഒഴിവാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം.

ശാരീരിക സമ്പർക്കം തീർത്തും ഒഴിവാക്കി സ്വകാര്യത പൂർണമായും ഉറപ്പുവരുത്തിയാണ് പരിശോധന നടത്തുന്നത്. 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് നിരാമയ് തെർമലിറ്റിക്സ് വഴിയുള്ള പരിശോധന ഉചിതമാണ്. അടുത്തുള്ള ശരീരകോശങ്ങൾക്കോ സിരകൾക്കോ കോട്ടമുണ്ടാക്കാതെ, റേഡിയേഷൻ ഇല്ലാതെ, തെർമലിറ്റിക്സ് സ്ക്രീനിങ്ങ് വഴി നന്നേ ചെറിയ തടിപ്പുകളും മുഴകളും പോലും കണ്ടെത്താനാവും.

ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്‍റർ ഫോർ സർജറിയുമായുള്ള പങ്കാളിത്തം ഏറെ സന്തോഷകരമാണെന്ന് നിരാമയ് സ്ഥാപകയും സിഇഒ യുമായ ഡോ. ഗീത മഞ്ജുനാഥ് അഭിപ്രായപ്പെട്ടു. “ക്ലിനിക്കലി തെളിയിക്കപ്പെട്ട തെർമലിറ്റിക്സ് സ്ക്രീനിംഗ് സേവനം രാജ്യമാസകലം വ്യാപിപ്പിക്കാനും അതുവഴി സ്ത്രീകളുടെ ജീവൻ രക്ഷാ ഉപാധിയാക്കി മാറ്റാനുമാണ് ശ്രമം. കൊവിഡ് മഹാമാരി നമ്മുടെ ജീവിതത്തെ അഭൂതപൂർവമായ രീതിയിലാണ് സ്വാധീനിച്ചത്.

“സ്ഥിരമായ ചെക്കപ്പുകൾക്കും മറ്റ് അസുഖങ്ങൾക്കും ആശുപത്രികളിൽ പോകാൻ കഴിയാതായി. പുതിയതരം ആവശ്യങ്ങൾ നിറവേറ്റാനായി നിരവധി സേവനങ്ങളാണ് നിരാമയ് വാഗ്ദാനം ചെയ്യുന്നത്. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിൻ്റെയും പരിശോധനകൾ പതിവായി നടത്തേണ്ടതിൻ്റെയും പ്രാധാന്യത്തെപ്പറ്റി സ്ത്രീകളെ ബോധവത്കരിക്കാൻ നിരവധി സൗജന്യ പരിപാടികൾ ഞങ്ങൾ നടത്തുന്നുണ്ട്,” അവർ കൂട്ടിച്ചേർത്തു.

ഉപയോക്താക്കൾക്ക് മികച്ച ശസ്ത്രക്രിയാ ആരോഗ്യ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് സി‌സി‌എസിന്‍റെ ചെയർമാനും ചീഫ് ലാപ്രോസ്കോപിക് സർജനുമായ ഡോ. അബ്ദുറഹ്മാൻ അമ്പാടി അഭിപ്രായപ്പെട്ടു. സ്തനാർബുദ പരിശോധനയുടെ പ്രാരംഭഘട്ട സ്ക്രീനിങ്ങിനായി നിരാമയ് പോലുള്ള ഒരു നൂതന കമ്പനിയുമായി സഹകരിക്കുന്നത് രോഗികൾക്ക് തീർച്ചയായും ഗുണം ചെയ്യും – അദ്ദേഹം കൂട്ടിച്ചേർത്തു.