മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഓര്‍ക്കാപ്പുറത്തെത്തിയ കുറ്റപത്രം കേരള നേതാക്കളില്‍ മ്‌ളാനത പരത്തിയതായാണ് സൂചന. കൂടാതെ ഭാര്യയ്ക്കു മേലുള്ള ആരോപണം കേന്ദ്രകമ്മിറ്റിയിലെ ഒഴിവുകളിലേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന മുഹമ്മദ് റിയാസിന്റെ സാദ്ധ്യതയും കുറയ്ക്കുന്നതായാണ് സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ നിന്നുള്ള വിവരം.
മധുര പാര്‍ട്ടികോണ്‍ഗ്രസില്‍ ബോംബു വീണിട്ടും ആളനക്കമൊന്നും കേള്‍ക്കുന്നില്ലെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എസ് എഫ് ഐ ഒയുടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നാലെയായിരുന്നു ഈ പ്രതികരണം. രാഷ്ട്രീയമായ പ്രതികരണങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടിയ്ക്ക് എതിരേ സിപിഎം നേതാക്കള്‍ നടത്തുന്നുണ്ടെങ്കിലും മധുരയിലെ തിളക്കം കുറയ്ക്കുന്നതായി ഈ നടപടി. അധികാരത്തിലുള്ള ഏക സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് അഴിമതിയുടെ നിഴല്‍ വീഴുക എന്നത് പാര്‍ട്ടി ഇതുവരെ പ്രതീകവല്‍ക്കരിച്ചിരുന്ന ബിംബത്തെ തച്ചുടയ്ക്കലാണ്. അത് ആത്മഹത്യാപരമാണെന്നും കേന്ദ്ര നേതൃത്്വം കരുതുന്നു. അതിനാല്‍ ഏതു നേതാവിനേയാണെങ്കിലും കയറൂരി വിടുന്നത് പാര്‍ട്ടിക്കു നല്ലതല്ല എന്ന പൊതു ബോധം ഉണരുന്നുണ്ട്.
പ്രായപരിധി നിബന്ധനയില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് എ.കെ. ബാലനും പി.കെ. ശ്രീമതിയും പുറത്താകുന്നതോടെ കേരളത്തിന് നിലവില്‍ മൂന്ന് ഒഴിവുകളാണുള്ളത് . കോടിയേരി ബാലകൃഷ്ണന്‍ മരിച്ച ഒഴിവും കൂടി ഉള്‍പ്പെടുത്തിയാണിത് . കേന്ദ്ര കമ്മിറ്റിയില്‍ ഒരാളെ അധികമായി ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. സീനിയോറിറ്റിയും പ്രവര്‍ത്തനവും അവഗണിച്ച് റിയാസിനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രിയുടെ മരുമകന് അനര്‍ഹമായ പരിഗണന നല്‍കിയെന്ന വ്യാഖ്യാനങ്ങള്‍ ഉണ്ടാകുമെന്ന് പാര്‍ട്ടിയിലെ പ്രബല വിഭാഗം കരുതുന്നു. സംഘടനാ രംഗത്ത് കാര്യമായ സംഭാവനകള്‍ ഇല്ലാത്ത റിയാസിനെ പാര്‍ട്ടിയിലെ ഉയര്‍ന്ന സ്ഥാനത്ത് എത്തിച്ചാല്‍ അത് അണികളില്‍ തന്നെ ഭിന്നതയ്ക്കും കാരണമാകും. സമീപകാലത്തുയര്‍ന്ന ആരോപണങ്ങള്‍ ഈ വാദങ്ങള്‍ കേന്ദ്രനേതാക്കളുടെ പക്കല്‍ ശക്തമായി പലരും ഉന്നയിക്കുന്നുണ്ട്.
ദളിത് പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും ഇപ്പോള്‍ മുന്‍പ് എപ്പോഴത്തേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അതിനാല്‍ ഇതിന്റെ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ രണ്ടു പേരെങ്കിലും ഇതില്‍ ഉള്‍പ്പെടുത്തേണ്ടിവരും. ഇതില്‍ പി കെ ബിജുവിന് സാദ്ധ്യത ഏറെയാണ്. വനിതാ നേതാക്കളില്‍ മേഴ്‌സിക്കുട്ടിയമ്മയാണ് ഏറ്റവും സീനിയര്‍. കൂടാതെ പി കെ സൈനബയേയും പരിഗണിച്ചേക്കാം.
കേന്ദ്രകമ്മിറ്റിയിലേയ്ക്ക് എല്‍ ഡി എഫ് കണ്‍വീനറായ ടി പി രാമകൃഷ്ണനും ഉള്‍പ്പെട്ടേക്കാം. കൂടാതെ കെ എന്‍ ബാലഗോപാല്‍, പി രാജീവ് , പുത്തലത്ത് ദിനേശന്‍, തുടങ്ങിയ പുതുമുഖങ്ങളില്‍ ആര്‍്ക്കു വേണമെങ്കിലും സ്ഥാനം നല്‍കിയേക്കാം