നിരത്തു വീണ്ടും കയ്യേറും.. സമ്മേളനവും നടത്തും.. കണ്ണൂരിലും സിപിഎം മുഷ്‌ക്ക്… കോടതിവിലക്കിന് പുല്ലുവില

Jaihind News Bureau
Tuesday, February 25, 2025

പൊതു നിരത്തുകള്‍ കയ്യേറി സമ്മേളനം നടത്തുന്നത് ഏതോ മുന്‍ അവകാശം പോലെ കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തിരുവനന്തപുരത്ത് അങ്ങനെയൊരു സമ്മേളനം നടത്തിയ ശേഷം ജില്ലാ സെക്രട്ടറിയ്ക്ക് ഹൈക്കോടതിയില്‍ എത്താന്‍ സമയം തികയാത്ത നില വന്നു. ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതൃത്വത്തിനും വയറു നിറയെ കോടതിയുടെ ശകാരംകേട്ടു. എന്നാല്‍ ഇനിയും ഗോവിന്ദനെ കോടതി വരാന്തയില്‍ നിര്‍ത്താനാണ് കണ്ണൂരിലെ സഖാക്കളുടെ ഉദ്ദേശ്യം.

കണ്ണൂരില്‍ റോഡ് തടസപ്പെടുത്തിയാണ് സിപിഎം സമരം സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡില്‍ പന്തല്‍ കെട്ടി കസേരകള്‍ നിരത്തി ഗതാഗതം തടസപ്പെടുത്തി കരുത്തു കാട്ടുന്നത്. ഈ കരുത്തിന്റെ കാറ്റ് ഹൈക്കോടതി ഊരിവിട്ട ചരിത്രമാണ് തിരുവനന്തപുരത്തുള്ളത്. സംശയമുള്ള ജയരാജന്‍ പ്രഭൃതികള്‍ക്ക് ആനാവുര്‍ നാഗപ്പന്‍ സഖാവിനെ ഒന്നുകണ്‍സള്‍ട്ടു ചെയ്യാമായിരുന്നു. ഇതുവരെ ചെയ്തില്ലെങ്കില്‍ ഇനി ചെയ്യേണ്ടിവരുമെന്നാണ തോന്നുന്നത്.

കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി രാവിലെ തന്നെ റോഡില്‍ വീപ്പ നിരത്തി പന്തല്‍ കെട്ടിഉണ്ടാക്കി. അണികള്‍ പരിസരം വിട്ടു പോകാതിരിക്കാന്‍ കസേരകള്‍ നിരത്തി. നേതാക്കള്‍ക്കുള്ള വേദി തയ്യാറാക്കിയതും റോഡിലേക്ക് ഇറക്കിയിടായിരുന്നു. ഇതിനിടയില്‍ കാല്‍നടക്കാര്‍ എന്ന പൊതുജനത്തെ ഇവര്‍ ഗൗനിക്കുന്നതേയില്ല. നിരവധി വാഹനങ്ങള്‍ പോകുന്ന ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ വഴി തിരിച്ചുവിട്ടു പോലീസ് സഹായിച്ചതോടെ ജനം കൂടുതല്‍ ദുരിതത്തിലായി. റോഡ് തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സി പി എം പ്രതിരോധം സംഘടിപ്പിച്ചത്. സിപിഎമ്മിന് എന്തു പോലീസ്… എന്തു കോടതി

പാതയോരങ്ങളില്‍ പൊതുയോഗങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധി പരസ്യമായി ലംഘിക്കുന്നതാണ് സിപിഎം സമരം. യാത്രാ മാര്‍ഗങ്ങള്‍ ഒട്ടേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നുമായിരുന്നു ആയിരുന്നു ജയരാജന്റെ ന്യായം. ഗതാഗതം തടസപ്പെടുത്തി സമരം പാടില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ സിപിഎം ജില്ലാ നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരുന്നു. നിയമലംഘനം കണ്ടിട്ട് പോലീസ് നടപടി എടുക്കാനും തയ്യാറായില്ല. അതു കണ്ടു കൊണ്ടു നിന്നു. റോഡില്‍ പന്തല്‍ കെട്ടി ഗതാഗതം തടസപ്പെടുത്തിയത് പൗരാവകാശ ലംഘനമായി ചിലര്‍ വ്യാഖ്യാനിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഒരിക്കല്‍ കൂടി ജയിലില്‍ പോകാന്‍ തയാറെന്നുമാണ് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രസംഗിച്ചത്.