കണ്ണൂര്‍ :കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സണ്ണി ജോസഫ് എംഎല്‍എ ഉപവാസ സമരം നടത്തും. അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക,മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം. ഉപവാസ സമരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഇരിട്ടിയില്‍ നടക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.
അതെസമയം മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം.
വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി,റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാര്‍, വനം – വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവരും പങ്കെടുക്കും.മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്യും.