വയനാട് മാനന്തവാടില്‍ ഇറങ്ങിയ ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവ്; നഷ്ടപരിഹാരവും ജോലിയും തളളി, മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുന്നു

Jaihind Webdesk
Saturday, February 10, 2024

മാനന്തവാടി : വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി യുവാവിനെ ചവിട്ടിക്കൊന്ന ആനയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവ്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഇന്ന് രാവിലെയാണ് വീടിന്‍റെ മതില്‍ പൊളിച്ചെത്തിയ കാട്ടാന യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയത്. ചാലിഗദ്ധ പനച്ചിയിൽ ട്രാക്ടർ ഡ്രൈവറായ അജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റേഡിയോ കോളർ ഘടിപ്പിച്ച മോഴ ആനയാണ് ആക്രമിച്ചത്. തുടർന്ന് മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആനയെ കണ്ട് പേടിച്ചോടിയ അജി മതില്‍ ചാടവേ മുന്നോട്ട് കമിഴ്ന്നുവീഴുകയായിരുന്നു. തൊട്ടുപിന്നാലെ മതില്‍ പൊളിച്ച് പാഞ്ഞെത്തിയ ആന അജിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. സബ് കളക്ടർ ഓഫീസിനു മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. 5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകാമെന്നും മരിച്ച അജിയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാമെന്നുമുള്ള കളക്ടറുടെ നിർദ്ദേശം ചർച്ചയ്ക്ക് എത്തിയവർ തള്ളി. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു.