വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടുപേരാണ് ഇന്നലെ രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് ഇരുവരും ഉണ്ടായിരുന്നത്.
ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. എല്ലാവരും ചിതറിയോടി. എന്നാല്‍ സതീഷിനും അംബികയ്ക്കും ആനയുടെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. സതീഷിന്റേത് പാറപ്പുറത്തു നിന്നും ലഭിച്ചു. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്കമാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. ഇതോടെ 48 മണിക്കൂറിനിടെ കാട്ടാനക്കലിക്ക് ഇരകളായത് മൂന്നുപേരാണ്.