ഉമ്മൻചാണ്ടി സ്തൂപം തകർത്തതിൽ വ്യാപക പ്രതിഷേധം; പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളി തുടരുന്നു

Jaihind Webdesk
Thursday, August 17, 2023

തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം പൊൻ വിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്തൂപം തകർത്തതിൽ വ്യാപക പ്രതിഷേധം. സ്തൂപം തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകനെ  കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളി തുടരുന്നു.

സ്തൂപം തകര്‍ത്തതിലൂടെ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടര്‍ ഇന്നും ഉണ്ടെന്ന് തെളിയിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ കല്ലെറിഞ്ഞു, ഇപ്പോള്‍ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കുന്നു. ഓരോ നിമിഷവും ഉമ്മന്‍ചാണ്ടിയുടെ കരുത്തുറ്റ ഓര്‍മകള്‍ ഉയരുന്ന ഇടങ്ങള്‍ ചിലരെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ പാറശ്ശാലയ്ക്ക് സമീപം പൊൻ വിളയിലെ ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്തത് . സ്വാതന്ത്ര്യ ദിനത്തിൽ സ്ഥാപിച്ച സ്തൂപത്തിലെ ഛായാചിത്രം തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകൻ സ്തൂപത്തിനും കേടുപാടുകൾ വരുത്തിയിരുന്നു. സ്തൂപത്തിൽ സ്ഥാപിച്ചിരുന്ന ഛായാചിത്രം അക്രമി കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.  സ്തൂപം തകർത്ത പ്രതിയെ പിടികൂടാത്തതിൽകോൺഗ്രസ് പ്രവർത്തകർ മേഖലയിൽ
പ്രതിഷേധമുയർത്തി.

സ്വതന്ത്ര്യ ദിനത്തിലാണ് സ്തൂപവും വെയ്റ്റിങ് ഷെഡും കോൺഗ്രസ്പ്രവർത്തകർ ഇവിടെ സ്ഥാപിച്ചത്. പ്രദേശവാസിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷൈജു വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കുമ്പോൾ തന്നെ അതിക്രമത്തിന് മുതിർന്നിരുന്നു.
ഇയാൾ തന്നെയാണ് സ്തൂപം തകർത്തതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.എന്നാൽ പോലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മേഖലയിൽ ഉയരുന്നത്.വൈകുന്നേരം കോൺഗ്രസ് പ്രവർത്തകർ പൊൻവിളയിൽ പ്രതിഷേധയോഗവും പ്രതിഷേധ പ്രകടനവും നടത്തും.