ഭരണത്തിന്‍റെ തണലില്‍ സിപിഎമ്മിന് എന്തുമാകാം! ഇടുക്കിയില്‍ സിപിഎം ഓഫീസുകള്‍ കെട്ടിപ്പൊക്കുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തി

Jaihind Webdesk
Sunday, January 28, 2024

 

ഇടുക്കിയിൽ സിപിഎം ഓഫീസുകളുടെ നിർമ്മാണത്തിന്‍റെ മറവിൽ നടക്കുന്നത് കൈയേറ്റമെന്ന് ആക്ഷേപം. ശാന്തൻപാറ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മിച്ചതിൽ 12 ചതുരശ്ര മീറ്റർ പട്ടയം ഇല്ലാത്ത ഭൂമിയിൽ ആണെന്നും 48 ചതുശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വെച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു. നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിൽ സിപിഎം പടുത്തുയർത്തുന്നത് ബഹുനില മന്ദിരങ്ങളാണ്.

ഇടുക്കിയിൽ നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിലാണ് സിപിഎം നേതൃത്വത്തിൽ പാർട്ടി ഓഫീസുകളുടെ നിർമ്മാണം തകൃതിയായി നടക്കുന്നത്. ജനങ്ങളെ ദ്രോഹിക്കാനായി പിണറായി സർക്കാർ കൊണ്ടുവന്ന നിയമത്തിലൂടെ പാവപ്പെട്ട ആളുകൾക്ക് വീടോ മറ്റു വ്യാപാരസ്ഥാപനങ്ങളോ പണിയാൻ കഴിയുന്നില്ല. ഇതിനിടെയാണ് ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലയിൽ സിപിഎം ഓഫീസുകൾ നിർമ്മിക്കുന്നത്. ശാന്തൻപാറ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന്‍റെ നിർമ്മാണം അനധികൃതമായിട്ടാണ് എന്ന പരാതി ഉയർന്നപ്പോൾ നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെ കാറ്റിൽ പറത്തിയാണ് രാത്രികാലങ്ങളിൽ അതിഥി തൊഴിലാളികളെ അടക്കം എത്തിച്ച നിർമ്മാണം പൂർത്തീകരിച്ചത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ഈ നിർമ്മാണത്തിന് എൻഒസി വാങ്ങാൻ സിപിഎം അപേക്ഷ നൽകിയെങ്കിലും ജില്ലാ കളക്ടർ എൻഒസി നിരസിച്ചു. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് നിരസിച്ചത്. ശാന്തൻപാറ ഓഫീസ് നിർമ്മിച്ചതിൽ 12 ചതുരശ്ര മീറ്റർ പട്ടയം ഇല്ലാത്ത ഭൂമിയിലാണ്. ഇതിനുപുറമെ 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശവും വെച്ചിട്ടുണ്ട് എന്നാണ് വകുപ്പിന്‍റെ കണ്ടെത്തൽ. എന്നാൽ കയ്യേറ്റം നടത്തിയിട്ടില്ല എന്നാണ് സിപിഎമ്മിന്‍റെ ന്യായീകരണം.

അതേസമയം കോടതി വിധിയെ പോലും മുഖവിലയ്ക്കെടുക്കാത്ത സിപിഎം നടപടി പ്രതിഷേധാർഹം ആണെന്നും സിപിഎം കൊണ്ടുവന്ന നിർമ്മാണ നിരോധനം സിപിഎം പാർട്ടി ഓഫീസുകൾക്ക് മാത്രം ബാധകമല്ലേ എന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ചോദിച്ചു. ബൈസൺവാലി, 20 ഏക്കർ അടക്കമുള്ള പാർട്ടി ഓഫീസുകളുടെ നിർമ്മാണത്തിന് പിന്നിലും ഗുരുതര ആരോപണങ്ങൾ ഉണ്ട്. ഭരണത്തിന്‍റെ മറവിൽ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ പ്രത്യക്ഷ സമരവും ഉടൻ ഉണ്ടാകും.