സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന; 48 കടകൾ അടച്ചുപൂട്ടി

Jaihind Webdesk
Wednesday, January 4, 2023

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വ്യാപക പരിശോധന നടന്നു. 48 കടകൾ അടച്ചുപൂട്ടി. 142 കടകൾക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് 18 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുമടക്കമാണ് 48 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയത്.

കോട്ടയത്ത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന്  നഴ്സായ  രശ്മി മരിച്ചതിന് പിന്നാലെയാണ്  സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ  പരിശോധന നടത്തി വരുന്നത്.  547 കടകളിലാണ് ഇന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന നടന്നത്.

അതേസമയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടൽ പാർക്കിന് വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയതിനെ തുടർന്നാണ് നഗരസഭയുടെ നടപടി.

കണ്ണൂരില്‍  കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടികൂടി. പരിശോധനയിൽ പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗയോഗ്യല്ലാത്ത നിരവധി ഭക്ഷ്യസാധനങ്ങളാണ് കണ്ടെത്തയത്.