കൊച്ചി: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ട്രാക്കുകളിൽ മരങ്ങള്‍ വീണതിനാൽ ട്രെയിനുകൾ വൈകിയോടുന്നു. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശി പലയിടത്തും മരം കടപുഴക് വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ യാത്ര തടസപ്പെട്ടു. ഓച്ചിറയ്ക്കടുത്ത് ട്രാക്കിൽ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. പാലരുവി എക്‌സ്പ്രസാണ് ഓച്ചിറയിൽ പിടിച്ചിട്ടിരുന്നത്.
ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം – ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊല്ലം ജംഗ്ഷനിലും പിടിച്ചിട്ടിട്ടുണ്ട്. ആലപ്പുഴ തുറവൂരിൽ കാറിനു മുകളിൽ മരം വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ഇല്ല.
അതേസമയം കോട്ടയത്തും ശക്തമായ കാറ്റിൽ വലിയ നാശ നഷ്ടമുണ്ടായിട്ടുണ്ട്. പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലാണ് മരം വീണത്. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നായിരുന്നു സംഭവം. കോട്ടയം കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി. മരം വീണതിന് പിന്നാലെ വൈദ്യുതി മുടങ്ങി. നാട്ടകം പോളിടെക്നിക്കിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് പൊന്മുടി–വിതുര റോഡിൽ മരം വീണു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കടുത്ത് ചീയപ്പാറയിലും മരം വീണ് ഗതാഗത തടസമുണ്ടായി.
അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഭേദപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ഖണ്ണൂര്‍ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.