മലപ്പുറം: മലപ്പുറത്ത് ഉച്ചയ്ക്ക് വീശിയ ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. തിരുനാവായ സൗത്ത് വെല്ലാറില്‍ തെങ്ങ് ദേഹത്ത് വീണു ഒരാൾ മരിച്ചു. സൗത്ത് വെല്ലാർ സ്വദേശി അഴകുറ്റി പറമ്പിൽ കൃഷ്ണൻ ആണ് മരിച്ചത്. കൃഷിപ്പണിക്കിടെയാണ് തെങ്ങ് ശരീരത്തിൽ വീണത്.
അതേസമയം കൊണ്ടോട്ടിയിൽ കൂറ്റൻ പരസ്യ ബോർഡ് കെട്ടിടത്തിൽ നിന്നും താഴേക്ക് വീണു. വാഹന യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. കരിപ്പൂർ വിമാനത്താവള പരിസരത്ത് വാഹനങ്ങൾക്ക് മുകളിലൂടെ മരങ്ങൾ വീണു. വണ്ടൂർ വാണിയമ്പലത്ത് സ്കൂൾ ബസിനു മുകളിലൂടെ മരം കടപുഴകി വീണു. കുട്ടികളെ ഉച്ചഭക്ഷണത്തിന് വിടുന്നതിന് തൊട്ടു മുമ്പാണ് ശക്തമായ കാറ്റിൽ മരം കടപുഴകി വീണത്. മലപ്പുറം ഒതുക്കുങ്ങലിൽ കൂറ്റൻ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. വൈദ്യുത പോസ്റ്റുകളും പൊട്ടി വീണു. വീട്ടുകാർ ഓടി രക്ഷപ്പെട്ടത് കൊണ്ട് വൻ അപായം ഒഴിവായി. കുറൂക്കുണ്ട് തയ്യിൽ കുഞ്ഞീന്‍റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീടിന്‍റെ അടുക്കളഭാഗം പൂർണമായും തകർന്നു.