‘എഡിജിപി – വത്സന്‍ തില്ലങ്കേരി കൂടിക്കാഴ്ച എന്തിനായിരുന്നു? എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, October 3, 2024

കണ്ണൂര്‍: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തി. വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിനോയ് വിശ്വം സി.പി.എമ്മി ന്റെ കൈയിലെ പാവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.