‘പ്രധാനമന്ത്രി ഒളിക്കുന്നതെന്ത്? എന്താണ് സംഭവിച്ചതെന്ന് രാജ്യത്തിന് അറിയണം’ : അതിർത്തി സംഘർഷത്തില്‍ രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, June 17, 2020

 

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സംഘർഷത്തില്‍ കേന്ദ്ര സർക്കാരിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. നമ്മുടെ 20 സൈനികര്‍ വീരമൃത്യു വരിക്കേണ്ടി വന്നിട്ടും പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അതിർത്തിയില്‍ സംഭവിച്ചതിന്‍റെ സത്യാവസ്ഥ രാജ്യത്തിന് അറിയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നാലെ തന്നെ 20 സൈനികർ വീരമൃത്യു മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. 100 ൽ അധികം സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇത്ര വലിയ അക്രമം ഉണ്ടായിട്ടും വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പോലും ഇതുവരെയും കേന്ദ്രസർക്കാർ തയാറായിട്ടില്ല. ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നുമാണ് റിപ്പോർട്ട്.