ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്നില്ല? വി.കെ ശ്രീകണ്ഠന്‍ എംപിയുടെ ചോദ്യത്തിന് ഉത്തരം ഇതാണ്

Jaihind Webdesk
Wednesday, December 21, 2022

ന്യൂഡല്‍ഹി: 139 കോടി ജനങ്ങളുള്ള ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് ഫുഡ്ബോളില്‍ പങ്കെടുക്കുന്നില്ല എന്നത് ഓരോ ഇന്ത്യന്‍ ഫുഡ്ബോള്‍ പ്രേമിയുടെയും ആശങ്കയാണ്. പ്രത്യേകിച്ച് ഫുഡ്ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ ഈ ചോദ്യം കേന്ദ്രത്തിനോട് ചോദിച്ചിരിക്കുകയാണ് വി കെ ശ്രീകണ്ഠൻ എംപി. ഇന്ത്യ ലോകകപ്പ് ഫുഡ്ബോള്‍ കളിക്കുമോ ..? എന്നാണ് വി.കെ ശ്രീകണ്ഠന്‍ എംപി ചോദിച്ചത്.  ഫിഫ ലോകകപ്പിന് ഇന്ത്യൻ ടീമിനെ പ്രാപ്തരാക്കേണ്ട പൂർണ ഉത്തരവാദിത്വം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണെന്നാണ് ചോദ്യത്തിന് കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ നൽകിയ മറുപടി. നാഷണൽ ഫുട്ബോൾ ഫെഡറേഷൻ സ്കീം മുഖേന ഫുട്ബോൾ ഫെഡറേഷന് എല്ലാ പിന്തുണയും ഒപ്പം സാമ്പത്തിക സഹായങ്ങളും മന്ത്രാലയം നൽകിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് പറയുന്ന ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നൽകിവരുന്ന സാമ്പത്തിക സഹായം 30 കോടിയിൽ നിന്ന് അഞ്ചു കോടിയാക്കി വെട്ടിക്കുറച്ചതിന്‍റെ  കാരണങ്ങൾ വ്യക്തമാക്കാമോ എന്ന എംപിയുടെ ചോദ്യത്തിന്  മന്ത്രി ഉത്തരം നൽകിയില്ല.

അതേസമയം 2027 ഏഷ്യന്‍ കപ്പ് ഫുഡ്ബോളിന് വേദിയാവാനില്ലെന്ന് ഇന്ത്യ അറിയിച്ചതും ആരാധകരെ ചൊടിപ്പിച്ചിരുന്നെങ്കിലും   ഫിഫ ഫുഡ്ബോള്‍ വേള്‍ഡ് കപ്പിന് പിന്നാലെ  ഇന്ത്യയില്‍ ഖത്തറിലെ പോലെ ഒരു ഉല്‍സവം ഒരിക്കല്‍ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനു ശേഷം ഓരോ ഫുഡ്ബോള്‍ പ്രേമികളും ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ക്കാണ്  കേന്ദ്രത്തിന്‍റെ മൗനം. എന്നിരുന്നാലും വരുന്ന ലോകകപ്പില്‍  48  രാജ്യങ്ങളെ പങ്കെടുപ്പിക്കുമെന്ന്  ഫിഫ അറിയിച്ചിട്ടുണ്ട്.  വരുന്ന വര്‍ഷങ്ങളിലെങ്കിലും ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള  ഇന്ത്യയില്‍ നിന്നും  താരങ്ങള്‍ വേള്‍ഡ്കപ്പ് കളിക്കുമോ എന്ന ഓരോ സാധാരണ ആരാധകന്‍റെയും ചോദ്യമാണ് വികെ ശ്രീകണ്ഠന്‍റെ ചോദിച്ചത്.