‘ശക്തിധരന്‍റെ ആരോപണം സർക്കാർ അന്വേഷിക്കാത്തതെന്ത്? കേസെടുത്തില്ലെങ്കില്‍ നിയമവഴി തേടും’: കെ സുധാകരന്‍ എംപി

Wednesday, June 28, 2023

കണ്ണൂർ: ശക്തിധരന്‍റെ ആരോപണം സംബന്ധിച്ച് സർക്കാർ എന്താണ് അന്വേഷണം നടത്താതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. തനിക്കെതിരായ ഏത് അന്വേഷണത്തെയും നേരിടും. സിബിഐ വേണമെങ്കിൽ വരട്ടെ. പ്രശാന്ത് ബാബു ഒറ്റുകാരനാണ്. ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. കൊല്ലാൻ വന്ന സിപിഎമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു. കെകരുണാകരൻ ട്രസ്റ്റിനു വേണ്ടി പിരിച്ചെടുത്ത തുക സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് കൈമാറുമെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്  ആരോപണം ഉന്നയിച്ചിട്ടും നടപടിയില്ല. ഈ ആരോപണവുമായി ബന്ധപ്പെട്ട് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. ഭീഷണിപ്പെടുത്തി പരാതിയെഴുതിച്ചു വരെയാണ് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കുന്നതെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.

‘‘ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരൻ. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവു സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് വിശ്വസിക്കാവുന്നതേയുള്ളൂ. പക്ഷേ അതനുസരിച്ച് ചലിക്കാൻ ഇവിടുത്തെ സർക്കാർ തയാറാകുന്നില്ല എന്നതാണ് പ്രധാനം. ഇവിടുത്തെ പോലീസ് ഇത് അന്വേഷിക്കുമോ?. ഏതോ ഒരു പയ്യനെ ഭീഷണിപ്പെടുത്തി എനിക്കെതിരെ പറയിപ്പിച്ച 10 ലക്ഷം രൂപയുടെ കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. എന്തേ ഇത് അന്വേഷിക്കാത്തത്? 1500 കോടി രൂപയുടെ എസ്റ്റേറ്റ് കരസ്ഥമാക്കിയെന്ന് രേഖ വെച്ചുകൊണ്ട് സ്വപ്ന സുരേഷ് അടക്കമുള്ള ആളുകൾ ആക്ഷേപം ഉന്നയിച്ചിരിക്കുന്നു. എന്തേ അന്വേഷിക്കാത്തത്? ഈ അന്വേഷണങ്ങളോടെല്ലാം മുഖം തിരിച്ചിരിക്കുന്ന ആളുകൾ, മറ്റുള്ളവരുടെ നിസാരമായ കാര്യങ്ങൾ തൂക്കിയെടുത്ത് കള്ളസാക്ഷികളെ വച്ചുകൊണ്ട് ഓരോന്നു ചെയ്യുന്നവരായി ഈ കേരളത്തിലെ ഭരണ സംവിധാനം തരംതാഴ്ന്നിരിക്കുന്നു” – കെ സുധാകരന്‍ എംപി പറഞ്ഞു. ഈ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണമില്ലെങ്കിൽ‌ തീർച്ചയായും ഞങ്ങൾ നിയമ നടപടി സ്വീകരിക്കും. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. ആ തീരുമാനവുമായി ഞങ്ങൾ കോടതിയെ സമീപിക്കും. എനിക്കെതിരായ എല്ലാവിധ അന്വേഷണങ്ങളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇനി സിബിഐ വേണോ? അവരും അന്വേഷിക്കട്ടെ. എന്‍റെ സത്യസന്ധത തെളിയിക്കാനുള്ള എല്ലാ സാധ്യതകളും എന്‍റെ മുന്നിലുണ്ട്. എനിക്കൊരു ആശങ്കയുമില്ല’’ – കെ സുധാകരൻ എംപി പറഞ്ഞു.