അഹമ്മദാബാദ്: ഗുജറാത്തില്‍ 42 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തില്‍ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെയും നാട്ടിൽ വിഷമദ്യമൊഴുക്കുന്നത് ആരാണെന്നും ഈ മാഫിയകൾക്ക് പിന്തുണ നൽകുന്നത് ആരാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. വിഷയം വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സംസ്ഥാനത്തെ അനധികൃത മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ബിസിനസിനെക്കുറിച്ച് രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. ഈ മാഫിയകൾക്ക് ഏത് ഭരണശക്തിയാണ് സംരക്ഷണം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. മദ്യം നിരോധിച്ച സംസ്ഥാനമായ ഗുജറാത്തിലെ ബോടാദ് ജില്ലയിൽ കഴിഞ്ഞ 25 ന് വിഷമദ്യം കുടിച്ച 42 പേരാണ് മരിച്ചത്. 97 പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ തുടരുകയാണെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു.
അഹമ്മദാബാദിന്‍റെ അയൽജില്ലയായ ബോടാദിലെ റോജിദ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. ഞായറാഴ്ച രാത്രി നാടൻ മദ്യം വാങ്ങി കഴിച്ചവർക്കാണ് കാഴ്ചക്കുറവും മറ്റ് അസ്വസ്ഥതകളുമുണ്ടായത്. പോലീസിന്‍റെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. റോജിദയിൽത്തന്നെ നിർമിച്ചതാണ് മദ്യം. ഇവിടെ മദ്യനിർമാണവും വിതരണവും നടക്കുന്നുണ്ട്. റോജിദയിൽനിന്ന് നാടൻമദ്യം അയൽജില്ലകളിലേക്കും വിതരണം ചെയ്യുന്നുണ്ട്.