വത്തിക്കാന്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്ന് വെളുത്തപുക, പുതിയ മാര്‍പ്പാപ്പയെ ഉടന്‍ അറിയാം; ബസിലിക്കയില്‍ മണിമുഴക്കം

Jaihind News Bureau
Thursday, May 8, 2025

വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാ സഭയ്ക്ക് പുതിയ മാര്‍പ്പാപ്പ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കര്‍ദ്ദിനാള്‍മാരുടെ രഹസ്യസമ്മേളനത്തില്‍ (കോണ്‍ക്ലേവ്) ധാരണയായി. വ്യാഴാഴ്ച വൈകുന്നേരം സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് ധവളപുക ഉയര്‍ന്നതും വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ കൂറ്റന്‍ മണികള്‍ മുഴങ്ങിയതുമാണ് പുതിയ സഭാതലവനെ തിരഞ്ഞെടുത്തുവെന്നതിന്റെ സൂചന നല്‍കിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് രഹസ്യസമ്മേളനം ആരംഭിച്ച 133 കര്‍ദ്ദിനാള്‍മാരാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തത്. വോട്ടെടുപ്പിന്റെ ആദ്യ പൂര്‍ണ്ണ ദിവസത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സിസ്‌റ്റൈന്‍ ചാപ്പലിന്റെ മേല്‍ക്കൂരയിലെ ചെറിയ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നതോടെ, വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനിന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ആഹ്‌ളാദാരവത്തോടെയും കരഘോഷത്തോടെയും ഈ വാര്‍ത്തയെ വരവേറ്റു.

പുതിയ മാര്‍പ്പാപ്പയുടെ പേരും അദ്ദേഹം സ്വീകരിച്ച തിരുനാമവും അല്പസമയത്തിനകം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയില്‍ നിന്ന് (ലോഗ്ഗിയ ഓഫ് ബ്ലെസ്സിംഗ്‌സ്) ലോകത്തെ അറിയിക്കും. തുടര്‍ന്ന്, പുതിയ മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് തന്റെ ആദ്യ പൊതുസന്ദേശം നല്‍കുകയും ആശീര്‍വാദം നേരുകയും ചെയ്യും.