രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയപ്പോള്‍ ട്വീറ്റ് ചെയതവര്‍ എവിടെ? ഗുസ്തി താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Saturday, April 29, 2023

ന്യൂഡല്‍ഹി: ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാർ‍ഢ്യം പ്രഖ്യാപിച്ച് ജന്തര്‍മന്തറിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് എഐസിസി ജനനല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധി. ഗുസ്തി താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചു. ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ എഫ്‌ഐ ആറിലെ വിവരങ്ങള്‍ പുറത്തു വിടണമെന്നും ബ്രിജ് ഭൂഷണെ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ശനിയാഴ്ച രാവിലെ ഡല്‍ഹി ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ എത്തിയാണ് പ്രിയങ്ക പിന്തുണ അറിയിച്ചത്. സമരത്തിനു നേതൃത്വം നല്‍കുന്ന വനിതാ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുമായി പ്രിയങ്ക സംസാരിച്ചു.

“ഈ പെണ്‍കുട്ടികള്‍ മെഡലുകള്‍ നേടുമ്പോള്‍ അവര്‍ നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണ് എന്ന് പറഞ്ഞ് എല്ലാവരും ട്വീറ്റ് ചെയ്യുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ തെരുവില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോള്‍ ആരും അത് കേള്‍ക്കുന്നില്ല. ബ്രിജ് ഭൂഷണിന് എതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍, അതിന്‍റെ പകര്‍പ്പുകള്‍ സമരക്കാര്‍ക്കും നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബ്രിജ്ഭൂഷനെ സര്‍ക്കാര്‍ എന്തിനാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുസ്തി താരങ്ങളുമായി സംസാരിക്കാത്തത്?. എന്നാല്‍ രാജ്യം അവരോടൊപ്പമുണ്ട്. അനീതിക്കെതിരെ ഒരുമിച്ചുനിന്ന് പോരാടുന്ന ഗുസ്തി താരങ്ങളില്‍ എനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.