ദിവ്യക്ക് ഒക്കെ എന്തുമാകുമല്ലോ? സിപിഎം വേദികളില്‍ സജീവമായി പി.പി.ദിവ്യ

Jaihind News Bureau
Wednesday, March 19, 2025

എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ സി.പി.എം വേദികളില്‍ സജീവമാകുന്നു. കണ്ണുരില്‍ സി പി എം പിബി അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത ചടങ്ങില്‍ ക്ഷണിച്ചു വരുത്തിയ ആശംസാ പ്രാസംഗികയായി പി പി ദിവ്യയും. ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ പൊതുയോഗത്തിലാണ് ദിവ്യ പങ്കെടുത്തത്.

കണ്ണൂര്‍ തളാപ്പില്‍ നിര്‍മ്മിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലന്‍ സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനാണ് പി പി ദിവ്യയെത്തിയത്. ഉദ്ഘാടനത്തിന് ശേഷം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സി.പി.എം പി.ബി അംഗം വൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. ഈ വേദിയിലാണ് പ്രമുഖ നേതാക്കള്‍ക്കൊപ്പം ആശംസാ പ്രാസംഗികമായി ക്ഷണിക്കപ്പെട്ട അതിഥിയായി പി.പി ദിവ്യയുമെത്തിയത്.

പി.കെ ശ്രീമതി, കെ.കെ ശൈലജ എം.എല്‍.എ, സി.എസ് സുജാത,, സതീദേവി, പി.കെ ശ്യാമള , എന്‍. സുകന്യ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പമാണ് പി പി ദിവ്യയും പരിപാടിയില്‍ പങ്കെടുത്തത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പാര്‍ട്ടിയുടെ ജില്ലാതല പരിപാടിയില്‍ പിപി ദിവ്യ പങ്കെടുക്കുന്നത്. നവീന്‍ ബാബുവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് പി പി ദിവ്യയെ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പാര്‍ട്ടിയുടെ വര്‍ഗബഹുജന സംഘടന ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയിരുന്നു. കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് സി.പി.എം ദിവ്യയെ തരംതാഴ്ത്തിയിരുന്നു.

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതോടെ പി.പി ദിവ്യയെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും പുറത്താക്കിയാണ് പാര്‍ട്ടിയുടെ മുഖം അന്ന് രക്ഷിച്ചത്. വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തളിപറമ്പില്‍ നടന്ന സി.പിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പി.പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. . സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ പാര്‍ട്ടി നേതത്വത്തിന്‍റെ അറിവോടെയാണ് പി പി ദിവ്യ ജനാധിപത്യ മഹിള അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സൂചന.