മുട്ടിൽ മരംമുറി കേസിലെ ധർമ്മടം ബന്ധമെന്ത്? മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ്

Jaihind Webdesk
Monday, August 23, 2021

തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസിലെ ധർമ്മടം ബന്ധമെന്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും നിയമ നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മൂന്ന് തവണ വിഷയം സഭയില്‍ ഉന്നയിച്ചതാണ്. സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് സാജന്‍. മരംമുരി ബ്രദേഴ്സിന്‍റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി ഇയാളുടെ ഫയല്‍ മടക്കുകയും ചെയ്തു. ഒരു ട്രാന്‍സ്ഫറില്‍ ഒതുക്കുകയാണ് ചെയ്തത്. മരം സംരക്ഷിക്കാന്‍ വേണ്ടി ധീരമായ നിലപാടെടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിന്‍റെ ധർമ്മടം ബന്ധം എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഘണ്ടു നോക്കി നിയമോപദേശം നല്‍കുന്ന കാലമാണിത്. സര്‍ക്കാർ ചോദിച്ചുവാങ്ങുന്ന നിയമോപദേശങ്ങള്‍ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.